ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ പുറം വേദന കാരണം അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പുറത്തായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ താരത്തിന് ഗുരുതരമായ പരിക്കാണ് സംഭവിച്ചത് എന്ന് മനസിലായി. ഇതോടെ താരത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താകേണ്ടി വന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം താരത്തിന് ഐപിഎലിൽ ആദ്യ മത്സരങ്ങൾ നഷ്ടമാകും. ബുംറയുടെ നിലവിലെ അവസ്ഥയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻ ബോളിങ് പരിശീലകൻ ഷെയ്ന്‍ ബോണ്ട്.
ഷെയ്ന്‍ ബോണ്ട് പറയുന്നത് ഇങ്ങനെ:
“സ്‌കാനിങ്ങിന് വേണ്ടി അദ്ദേഹത്തെ സിഡ്‌നിയിലേക്ക് കൊണ്ടുപോയിരുന്നു. അവന് ഉളുക്ക് സംഭവിച്ചെന്ന രീതിയിലുള്ള ചില റിപ്പോട്ടുകളാണ് വന്നുകൊണ്ടിരുന്നത്. അത് ഉളുക്കല്ലെന്നും പുറംഭാഗത്ത് എല്ലിന് പരിക്കായിരിക്കാമെന്നും ഞാന്‍ ആശങ്കപ്പെട്ടു. അങ്ങനെയാണെങ്കില്‍ ചാമ്പ്യൻസ് ട്രോഫിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു”
ഷെയ്ന്‍ ബോണ്ട് തുടർന്നു:
” പര്യടനങ്ങളും മുന്നോട്ടുള്ള ഷെഡ്യൂളും നോക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഇടവേള നല്‍കാനുള്ള അവസരങ്ങള്‍ എവിടെയാണുള്ളത്. ശരിക്കും അപകടകരമായ സമയം ബുംറയ്ക്ക് മുന്നിലുണ്ട്? പലപ്പോഴും ഐപിഎല്ലില്‍ നിന്ന് ടെസ്റ്റിലേക്ക് എത്തുമ്പോള്‍ അപകടസാധ്യത കൂടുതലായിരിക്കും. പ്രത്യേകിച്ച് ടി20യില്‍ നിന്ന് ടെസ്റ്റ് മത്സരത്തിലേക്ക് മാറുന്നിടത്തെല്ലാം അത് വെല്ലുവിളി നിറഞ്ഞതാണ്”
ഷെയ്ന്‍ ബോണ്ട് കൂട്ടി ചേർത്തു:
” അടുത്ത ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ബുംറ ഇന്ത്യയുടെ വിലയേറിയ താരമാണ്. അതുകൊണ്ട് തുടർച്ചയായി രണ്ടിൽ കൂടുതൽ അദ്ദേഹത്തെ കളിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഐപിഎല്ലിന്റെ അവസാനത്തിൽ നിന്ന് ഒരു ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നത് വലിയ അപകടസാധ്യതയായിരിക്കും. അതേ സ്ഥാനത്ത് വീണ്ടും പരിക്കേൽക്കുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ കരിയർ അവസാനിപ്പിക്കാൻ വരെ സാധ്യതയുണ്ട്. കാരണം നിങ്ങൾക്ക് ആ സ്ഥലത്ത് വീണ്ടും ശസ്ത്രക്രിയ നടത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല” ഷെയ്ന്‍ ബോണ്ട് പറഞ്ഞു.