ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഹർമു റോഡിലെ വസതിയിൽ വാണിജ്യ ആവശ്യങ്ങൾക്കായി പ്ലോട്ട് ഉപയോഗിച്ചെന്നാരോപിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് നടപടി ആരംഭിച്ചു. വാസയോഗ്യമായ ഭൂമി വാസയോഗ്യമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അതിൻ്റെ ചട്ടങ്ങൾ ലംഘിക്കുന്നതായി ബോർഡ് പറയുന്നു. ബോർഡ് അനുവദിച്ച റെസിഡൻഷ്യൽ പ്ലോട്ടുകൾ പാർപ്പിട ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും ഇതിൽ നിന്നുള്ള വ്യതിയാനം നിയമവിരുദ്ധമായി കണക്കാക്കുമെന്നും ബോർഡ് ചെയർമാൻ സഞ്ജയ് ലാൽ പാസ്വാൻ പറഞ്ഞു.

ധോണിയുടെ ഹർമു വസതിയിൽ ഡയഗ്‌നോസ്റ്റിക് സെൻ്റർ ആരംഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദമായത്. ഇതേത്തുടർന്ന് പ്ലോട്ട് ചട്ടങ്ങൾ പാലിച്ചാണോ ഉപയോഗിക്കുന്നതെന്നും അന്വേഷിക്കാൻ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്. വാസഭൂമി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചാൽ കർശന നടപടിയുണ്ടാകും.

നിലവിൽ സിമാലിയയിലെ റിംഗ് റോഡിലെ പുതിയ വീട്ടിൽ താമസിക്കുന്ന ധോണി, മുമ്പ് ഹർമു റോഡിലെ വസതിയിലായിരുന്നു താമസിച്ചിരുന്നത്. പഴയ വസ്തുവിൽ ഡയഗ്നോസ്റ്റിക് ലാബ് സ്ഥാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഹൗസിംഗ് ബോർഡ് തീരുമാനിച്ചിരിക്കുകയാണ്.

അർജുൻ മുണ്ട മുഖ്യമന്ത്രിയായിരിക്കെ, ക്രിക്കറ്റിലെ തകർപ്പൻ നേട്ടങ്ങൾ അംഗീകരിച്ച് ജാർഖണ്ഡ് സർക്കാർ ധോണിക്ക് റസിഡൻഷ്യൽ പ്ലോട്ട് നൽകുക ആയിരുന്നു. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പ്ലോട്ടിൽ ഇപ്പോൾ ഒരു ആഡംബര വസതിയുണ്ട്.