ജോ റൂട്ടോ വിരാട് കോഹ്‌ലിയോ?; ലോക ടെസ്റ്റ് ഇലവനിലേക്ക് താന്‍ തിരഞ്ഞെടുക്കുന്നത് ആരെയെന്ന് പറഞ്ഞ് യുവരാജ്

തന്റെ ലോക ടെസ്റ്റ് ഇലവനില്‍ വിരാട് കോഹ്‌ലിക്കും ജോ റൂട്ടിനും ഇടയില്‍ ഒരാളെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക് അടുത്തിടെ യുവരാജ് സിംഗിന് ലഭിച്ചു. ഇവരില്‍നിന്നും ഇംഗ്ലണ്ട് സ്റ്റാര്‍ ജോ റൂട്ടിന്റെ പേരാണ് യുവി തിരഞ്ഞെടുത്തത്. നിലവിലെ ഫോം അടിസ്ഥാനത്തിലാണ് യുവിയുടെ തിരഞ്ഞെടുക്കല്‍.

ഫോം അടിസ്ഥാനത്തില്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അത് ജോ റൂട്ടായിരിക്കും. പക്ഷേ, സ്ഥലവും നാടും ഞാന്‍ നോക്കും. ഇംഗ്ലണ്ട് ആണെങ്കില്‍ റൂട്ട് എന്റെ ലോക ഇലവനില്‍ ഇടം പിടിക്കും. മറ്റൊരിടത്ത് ഞാന്‍ വിരാടിനൊപ്പം പോകുന്നു. അവന്‍ ടെസ്റ്റില്‍ മിടുക്കനാണ്, എന്നാല്‍ എല്ലാ ഫോര്‍മാറ്റുകളിലും വിരാട് മുന്നിലാണ്- യുവരാജ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള ടെസ്റ്റ് ബാറ്ററാണ് ജോ റൂട്ട്. എല്ലാ പരമ്പരകളിലും അദ്ദേഹം റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ടെസ്റ്റില്‍ ഇതുവരെ 12402 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 34 സെഞ്ച്വറികളും ഉള്‍പ്പെടുന്നു. മറുവശത്ത്, ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് പാടുപെടുകയാണ്. ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോഹ്‌ലി നിരാശപ്പെടുത്തി.

പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ റൂട്ട് കളിക്കളത്തില്‍ തിരിച്ചെത്തും. സെപ്റ്റംബര്‍ 27ന് കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ കോഹ്ലി ഇറങ്ങും.