ജുലന്‍ ഗോസ്വാമി 200 ഏകദിനവും കളിച്ചു, ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച മിതാലിയ്ക്ക് പിന്നില്‍ രണ്ടാമത്

വനിതാക്രിക്കറ്റില്‍ റെക്കോഡുകള്‍ ഓരോന്നോരോന്നായി പേരിലാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ലോകോത്തര ബൗളര്‍ ജുലന്‍ ഗോസ്വാമി 200 ഏകദിന മത്സരവും തികച്ചു. വനിതാ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഈ 39 കാരി. ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന മിതാലി രാജാണ് ആദ്യം 200 ഏകദിനം കളിച്ച വനിതാ ക്രിക്കറ്റര്‍.

ശനിയാഴ്ച ഓസ്‌ട്രേലിയയോട് തോറ്റ ലോകകപ്പ് മത്സരത്തിലായിരുന്നു ജുലന്‍ ഈ നേട്ടം കൈവരിച്ചത്. 230 ഏകദിനം കളിച്ചിട്ടുള്ളയാളാണ് ഇന്ത്യയുടെ വനിതാടീം ക്യാപ്റ്റന്‍ മിതാലി രാജ്. ജുലന് പിന്നില്‍ മൂന്നാമത് ഇംഗ്്‌ളണ്ടിന്റെ കാര്‍ലറ്റ് എഡ്വാര്‍ഡ്‌സാണ് നില്‍ക്കുന്നത്. 191 ഏകദിനമാണ് താരം കളിച്ചത്. 2005 ല്‍ ആദ്യലോകകപ്പ് കളിച്ച താരത്തിന് ഇത് അഞ്ചാം ലോകകപ്പാണ്.

Read more

ഈ ലോകകപ്പില്‍ തന്നെയായിരുന്നു ഗോസ്വാമി ഏകദിനത്തില്‍ 250 വിക്കറ്റ് നേട്ടം ഉണ്ടാക്കുന്ന ആദ്യ വനിതാതാരമായതും. അതുപോലെ തന്നെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായും ഗോസ്വാമി മാറിയിരുന്നു. 40 വിക്കറ്റുകള്‍ വീഴ്ത്തിയ ഗോസ്വാമി 39 ലോകകപ്പ് വിക്കറ്റ് നേട്ടം നടത്തിയ ലിനറ്റ് ആന്‍ ഫുള്‍സ്റ്റണെയാണ് പിന്നിലാക്കിയത്.