ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് നാലാം ടെസ്റ്റിൽ തോറ്റതിന് പിന്നാലെ ഇന്ത്യക്ക് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കിട്ടുന്നത്. പരമ്പര സമനിലയിൽ അവസാനിപ്പിക്കണം എങ്കിൽ അടുത്ത മത്സരം ജയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. അല്ലാത്തപക്ഷം 10 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ബോർഡർ- ഗവാസ്‌ക്കർ പരമ്പര കൈവിടും.
എന്നാൽ, മെൽബണിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രൂക്ഷവിമർശനത്തിന് ഇരയായ മൂന്ന് താരങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് താരങ്ങൾ. ഈ മൂന്ന് താരങ്ങൾ ആണ് കഴിഞ്ഞ മത്സരത്തിൽ ഏറ്റവും നിരാശപ്പെടുത്തിയത്. രോഹിതും കോഹ്‌ലിയും അവരുടെ അതിദയനീയ ഫോം തുടർന്നപ്പോൾ മികച്ച തുടക്കം കിട്ടിയിട്ടും പന്ത് അത് നശിപ്പിക്കുക ആയിരുന്നു.
റെവ്‌സ്‌പോർട്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ടീമിലെ രണ്ട് മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയോടും വിരാട് കോഹ്‌ലിയോടും ഗംഭീർ ഒന്നും പറഞ്ഞില്ല. മത്സരത്തിലെ മോശം ഷോട്ട് സെലക്ഷൻ്റെ പേരിൽ ടീമിനെയാകെ വിമർശിച്ചപ്പോൾ അതിൽ രോഹിതിൻ്റെയും കോഹ്‌ലിയുടെയും മോശം ഷോട്ടുകളും ഉൾപ്പെടുന്നു.
രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സമീപകാല ഫോമിന് ശേഷം വിരമിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഗൗതം ഗംഭീർ ഉൾപ്പടെയുള്ള ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് ഈ രണ്ട് മുതിർന്ന താരങ്ങളോടും ഒന്നും പറഞ്ഞിട്ടില്ല. വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് ടീം മാനേജ്‌മെൻ്റിൻ്റെ കടുത്ത വിമർശനത്തിന് വിധേയനായെന്നും ഇന്ത്യയുടെ തോൽവിയുടെ രോഷം നേരിട്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് പന്ത് തൻ്റെ മോശം ഷോട്ട് സെലക്ഷൻ്റെ പേരിൽ വിമർശനം നേരിട്ടു.
ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് പുറത്തും ഋഷഭ് പന്തിനെതിരെ വിമർശനം ഉയർന്നിരുന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ ഷോട്ട് സെലക്ഷൻ്റെ സമയത്തെ കുറ്റപ്പെടുത്തുകയും തോൽവിക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ മൈക്കൽ ഹസിയെപ്പോലുള്ള ചില മുൻ ക്രിക്കറ്റ് താരങ്ങൾ അദ്ദേഹത്തിന് അനുകൂലമായി രംഗത്തെത്തുകയും ഏത് സാഹചര്യത്തിലും തൻ്റെ ടീമിനായി മത്സരങ്ങൾ ജയിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ പിന്തുണയ്ക്കുകയും ചെയ്തു.