ഹിറ്റ് ഉറപ്പിക്കാമോ അതോ ദുരന്തമാകുമോ?  2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ..

ടോക്‌സിക്, ദളപതി 69, ഗെയിം ചേഞ്ചർ തുടങ്ങി നിരവധി സിനിമകളാണ് ഈ വർഷം തിയേറ്ററുകളിൽ എത്താൻ പോകുന്നത്. 2025ൽ സിനിമാപ്രേമികൾ ഒരുപാട് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര 2’ മുതൽ ലോകേഷ് കനകരാജിന്റെ ‘ബെൻസ്’ വരെ ഈ ലിസ്റ്റിലുണ്ട്. 2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ നോക്കാം

ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം 2025 ഒക്ടോബർ 2ന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ.

2024-ൽ ഫൈറ്ററിന് ലഭിച്ച മോശം പ്രതികരണത്തിന് ശേഷം 2025-ൽ വാർ 2 എന്ന പാട്രിയോട്ടിക്ക് ആക്ഷൻ ത്രില്ലറുമായി എത്താനൊരുങ്ങുകയാണ് ഹൃത്വിക് റോഷൻ. ജൂനിയർ എൻടിആർ ഹൃത്വിക്കിനൊപ്പം പ്രധാന വേഷത്തിൽ എത്തും. അയൻ മുഖർജി സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രം 2025 ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തും.

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ താരം യഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗീതു മോഹൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടോക്സിക്. 2025 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൽമാൻ ഖാൻ്റെ വരാനിരിക്കുന്ന ചിത്രമാണ് സിക്കന്ദർ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. 2025ലെ ഈദ് റിലീസായാണ് ചിത്രം എത്തുക.

ദളപതി വിജയ്‌യുടെ അവസാന ചിത്രമാണ് ദളപതി 69. പൂജാ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.

മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത് കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് ‘വിടാമുയർച്ചി’. പൊങ്കലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഈ വർഷം പൊങ്കലിന് എത്താനിരുന്ന സിനിമയാണെങ്കിലും റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ എത്തുന്ന സൂര്യ ചിത്രമാണ് റെട്രോ. പൂജാ ഹെഗ്ഡെ ആണ് നായിക. മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം 2025 തുടക്കത്തിൽ എത്തുമെന്നാണ് റിപോർട്ടുകൾ.

രജനികാന്തിനെ നായകനാക്കി തെന്നിന്ത്യൻ സെൻസേഷൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തും.

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സിനിമയാണ് മണിരത്നം- കമൽ ഹാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘തഗ് ലൈഫ്’. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 2025 ജൂൺ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2025 ജനുവരിയിൽ തിയേറ്ററിലെത്തും.

അജിത്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’. ചിത്രം ജനുവരി 10ന് എത്തുമെന്നാണ് റിപോർട്ടുകൾ.

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് സലാർ. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം 2024 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ.

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് രാജാ സാബ്. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിലെത്തും.

മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ എത്തും.

ആമിർ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സിത്താരെ സമീൻ പർ. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നതെന്ന് റിപോർട്ടുകൾ വന്നിരുന്നു. ആർ.എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം 2025-ൽ എത്തുമെന്നാണ് റിപോർട്ടുകൾ.

കങ്കണ റണാവത്തിന്റെ ‘എമർജൻസി’ ഈ വർഷം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും കങ്കണ തന്നെയാണ്. ജനുവരി 17 ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇന്ത്യൻ 2 ഫ്‌ളോപ്പ് ആയെങ്കിലും ഇന്ത്യൻ 3 എത്തുമെന്ന പ്രഖ്യാപനം ആരാധകർക്ക് ആശ്വാസം പകർന്നിരുന്നു. ഇന്ത്യൻ താത്ത ട്രോൾ മെറ്റിരീയൽ ആയെങ്കിലും മൂന്നാം ഭാഗം ഗംഭീരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലോകേഷ് കനകരാജ് എന്ന സംവിധായകന അടയാളപ്പെടുത്തിയ സിനിമയാണ് കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്നത്. 2025 ഏപ്രിൽ 10ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിൽ എത്തുന്ന രാഘവ ലോറൻസ് ചിത്രം ബെൻസ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഭാഗ്യരാജ് കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിരവധി സിനിമകളാണ് ഈ വർഷം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. എന്നാൽ ഇതിൽ ഏതൊക്കെ സൂപ്പർ ഹിറ്റുകൾ ആകും, ഫ്‌ളോപ്പ് ആകുമെന്നതിൽ ആരാധകർക്കും ആശങ്കയാണ്.