മാന്ത്രിക സംഖ്യ തൊട്ട് കോഹ്ലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

വിരാട് കോഹ്ലി റെക്കോഡുകളുടെ രാജാവാണ്. കോഹ്ലിക്ക് തകര്‍ക്കാനുള്ളതാണ് സമകാലിക ക്രിക്കറ്റിലെ റെക്കോഡുകളെന്ന് ആരാധകപക്ഷം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റെക്കോഡ് ബുക്കില്‍ ഒരു പുതിയ കണക്ക് കൂടി വിരാട് എഴുതിച്ചേര്‍ത്തു. ട്വന്റി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന പെരുമയാണ് കോഹ്ലി കൈപ്പിടിയില്‍ ഒതുക്കിയത്.

ഇന്ത്യ, ഡല്‍ഹി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളിലായാണ് ട്വന്റി20യില്‍ കോഹ്ലി പതിനായിരം റണ്‍സ് തികച്ചത്. 313 മത്സരങ്ങളില്‍ നിന്ന് കോഹ്ലി മാന്ത്രിക സംഖ്യയിലെത്തി. അഞ്ച് സെഞ്ച്വറികളും 73 ഫിഫ്റ്റികളും കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ്ലി തന്നെ. 201 മത്സരങ്ങളില്‍ നിന്ന് (മുംബൈക്കെതിരായ ഇന്നത്തെ കളിയൊഴികെ) 6134 റണ്‍സ് വിരാട് അടിച്ചുകൂട്ടിക്കഴിഞ്ഞു. അഞ്ച് ശതകങ്ങളും 41 അര്‍ദ്ധ ശതകങ്ങളും ആ നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.