'അസാധാരണ മരണങ്ങൾ, കാരണം സ്ഥിരീകരിക്കേണ്ടതുണ്ട്‌'; അതിരപ്പിള്ളിയിലെ മരണങ്ങളിൽ വനം വകുപ്പ് മന്ത്രി

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ്‌ മന്ത്രി എകെ ശശീന്ദ്രൻ. മന്ത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്‌. മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

മന്ത്രിയുടെ നിർദേശമനുസരിച്ച്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. വാഴച്ചാൽ സ്വദേശികളായ അംബിക(30), സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ നാലംഗ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.

കാട്ടാന വന്നപ്പോൾ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയിൽ കിടക്കുന്ന നിലയിലായിരുന്നു.