'മുസ്ലീം യുവാക്കള്‍ക്ക് പഞ്ചര്‍ നന്നാക്കി ജീവിക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു'; നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനം

മുസ്ലീം യുവാക്കളെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. വഖഫ് സ്വത്തുക്കള്‍ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്ലീം യുവാക്കള്‍ക്ക് പഞ്ചര്‍ നന്നാക്കി ഉപജീവനം നടത്തേണ്ടി വരില്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

രാജ്യത്തിന്റെ പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലെ ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറഞ്ഞു. രാജ്യത്തെ യുവാക്കളെ നിങ്ങള്‍ ഈ നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ജോലിയില്ല. പഞ്ചറുകള്‍ നന്നാക്കുക എന്നത് മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്താര്‍ അബ്ബാസ് നഖ്വിയേയും ഷാനവാസ് ഹുസ്സൈനേയും എംജെ അക്ബറിനേയും നിങ്ങള്‍ എന്തുകൊണ്ടാണ് ചവറ്റുക്കുട്ടയില്‍ എറിഞ്ഞത്. വഖഫ് ബില്ലിലൂടെ മുസ്ലിങ്ങള്‍ക്ക് നന്മ ചെയ്യുകയാണെന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷേ ലോക്‌സഭയില്‍ അത് അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഒരു മുസ്ലിം എംപി പോലുമില്ലെന്നും എംപി ആരോപിച്ചു.

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. ലോക്സഭയിലോ രാജ്യസഭയിലോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലോ നിങ്ങള്‍ക്ക് ഒരു മുസ്ലിം വനിതാ അംഗം പോലുമില്ലെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.

വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍, മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടി വരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനം ഉണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊള്ളയടിക്കുകയായിരുന്നുവെന്നായിരുന്നു മോദി പറഞ്ഞത്.