ക്രിക്കറ്റില്‍ പുതിയ മഴ നിയമവുമായി മലയാളി, 21 ലക്ഷം കൊടുത്ത് ബിസിസിഐ, വൈകാതെ ഐപിഎലിലേക്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഴമൂലം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത മത്സരത്തിന്റെ ഫലം തീരുമാനിക്കുന്നത് ഡെക്ക് വര്‍ത്ത് ലൂയിസ് എന്ന നിയമത്തിലൂടെയാണ്. എന്നാല്‍ ഈ നിയമം ഉപയോഗിച്ചുള്ള ഫലപ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനവും ആക്ഷേപവും ഉയരാറുണ്ട്. ഇപ്പോഴിതാ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന് പകരമായി മറ്റൊരു മഴ നിയമം കണ്ടെത്തിയിരിക്കുകയാണ് ഒരു മലയാളി.

തൃശൂര്‍ കാരനായ എഞ്ചിനീയര്‍ വി ജയദേവനാണ് ഡെക്ക് വര്‍ത്ത് ലൂയിസിന് പകരം വിജെഡി നിയമം കൊണ്ടുവന്നത്.  ഈ കണ്ടെത്തിലിന് ബിസിസിഐ 21 ലക്ഷം രൂപ പാരിതോഷികമായി നല്‍കുകയും ചെയ്തു. ഏകദിനത്തിലും ടി20യിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ നിയമം.

സിവിന്‍ എഞ്ചിനീയറായ അദ്ദേഹം 1998ലാണ് ആദ്യമായി ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുവരുന്നത്. 2007ല്‍ വിജെഡി സാങ്കേതികത ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിക്കുകയും ചെയ്തു. ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ വിജെഡി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ഈ സാങ്കേതികത ഉപയോഗിക്കാന്‍ ജയദേവന്‍ ഒരു ആപ്ലിക്കേഷനും കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡില്‍ ലഭ്യമാകുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. അധികം വൈകാതെ ഐപിഎല്ലിലും ഈ സാങ്കേതിക വിദ്യ പ്രതീക്ഷിക്കാം.