സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങൾ കൈവരിച്ച് താരം ഞെട്ടിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ടി 20 യിലെ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് താരം കുതിപ്പ് തുടങ്ങിയത്.
ഇന്ത്യൻ ടീമിൽ എത്തിയിട്ട് 10 വർഷങ്ങൾ അടുത്ത് ആയെങ്കിലും പലപ്പോഴും ടീമിനകത്തും പുറത്തും പോയ ഒരു സന്ദർശകൻ ആയിരുന്നു. സ്ഥിരത കുറവായിരുന്നു താരത്തെ ഈ കളത്തിൽ വേട്ടയാടിയ പ്രശ്നം. അതിനാൽ തന്നെ സഞ്ജുവിനെ പുറത്താകുമ്പോൾ സെലക്ടർമാർ മാത്രമല്ല ക്രിക്കറ്റ് വിദഗ്ധരും സഞ്ജുവിനെ പുറത്താകുമ്പോൾ ഈ സ്ഥിരത കുറവിനെ പഴിക്കും.
എന്തായാലും ഈ വർഷത്തെ മികച്ച പ്രകടനത്തോടെ സഞ്ജു ഭാവി ടി 20 ടീമിലും സ്ഥിരവസരത്തിനുള്ള വാദം ശക്തമാക്കിയിരിക്കുന്നു. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് വൈറ്റ് ബോൾ പരമ്പരകളുടെ ഒരു മഴ തന്നെയാണ്. അതിൽ ഇംഗ്ലണ്ടിനെതിരേ അഞ്ച് ടി20 മാച്ചുകളും മൂന്ന് ഏകദിനങ്ങളുമാണ് നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22ന് ടി20 പരമ്പര ആരംഭിക്കും. ഇതിൽ ടെസ്റ്റ് പരമ്പരയുടെ ഭാഗമായ പല താരങ്ങളും ഇറങ്ങില്ല. അതിനാൽ തന്നെ ടി 20 പരമ്പരയിൽ സഞ്ജു സാംസൺ- അഭിഷേക് ശർമ്മ താരങ്ങൾക്ക് അവസരം കിട്ടുമെന്ന് ഉറപ്പാണ്.
ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ അവസരം കിട്ടുന്ന കാര്യത്തിൽ ഉറപ്പ് ഇല്ലെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജു ടീമിൽ ഉണ്ടാകും. താരത്തെ സംബന്ധിച്ച് ഇംഗ്ലണ്ട് ടി 20 പരമ്പരയിലും തിളങ്ങാനായാൽ പിന്നെ ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ നിന്ന് ഒരിക്കലൂം പുറത്ത് പോകേണ്ടതായി വരില്ല എന്ന് തന്നെയാണ് സാരം.