വില്ലിച്ചായന്‍ യുഗം അവസാനിച്ചു, ന്യൂസിലന്‍ഡിന് പുതിയ നായകന്‍

ന്യൂസിലന്‍ഡിന്റെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായി മിച്ചല്‍ സാന്റ്‌നറെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024-ലെ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ മോശം പ്രകടനത്തിന് ശേഷം ആ റോള്‍ ഉപേക്ഷിച്ച കെയ്ന്‍ വില്യംസണിന് പകരമായാണ് അദ്ദേഹം എത്തുന്നത്.

കരിയറില്‍ 30 ടെസ്റ്റുകളും 107 ഏകദിനങ്ങളും 106 ടി20 മത്സരങ്ങളും കളിച്ച പരിചയമുണ്ട് സാന്റ്‌നര്‍ക്ക്. സമീപ വര്‍ഷങ്ങളില്‍ പല ടൂറുകളിലും ന്യൂസിലന്‍ഡിന്റെ താല്‍ക്കാലിക ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇടങ്കയ്യന്‍ സ്പിന്നര്‍ 24 ടി20യിലും നാല് ഏകദിനങ്ങളിലും കിവീസിനെ നയിച്ചിട്ടുണ്ട്.

32 കാരനായ ഓള്‍റൗണ്ടര്‍ ഡിസംബര്‍ അവസാനത്തിലും ജനുവരി തുടക്കത്തിലുമായി ശ്രീലങ്കയ്ക്കെതിരായി വരാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളില്‍ തന്റെ മുഴുവന്‍ സമയ ക്യാപ്റ്റന്‍സി കാലാവധി ഔദ്യോഗികമായി ആരംഭിക്കും. ന്യൂസിലാന്‍ഡ് വരും മാസങ്ങളില്‍ ധാരാളം വൈറ്റ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ചില ടീമുകള്‍ക്കെതിരെ തന്റെ ടീമിനെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി സാന്റ്‌നര്‍ പറഞ്ഞു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ബ്ലാക്ക് ക്യാപ്‌സിനെ നയിക്കാനായത് വലിയ ബഹുമതിയാണെന്നും വരാനിരിക്കുന്ന വെല്ലുവിളികളില്‍ താന്‍ ആവേശഭരിതനാണെന്നും താരം പറഞ്ഞു.