ഫോമൊന്നും നോക്കില്ല, ആവശ്യം വന്നാല്‍ അവരെ ടീമിലെടുക്കും; നിലപാട് വ്യക്തമാക്കി രോഹിത്

ഉമേഷിനെ ഇന്ത്യ ടി20 ടീമില്‍ തിരികെ എത്തിച്ചതില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മുഹമ്മദ് ഷമിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തിലാണ് ഉമേഷ് യാദവിന് ഓസീസിനെതിരായ ടി20 പരമ്പരയിലേക്ക് ക്ഷണം വന്നത്. 2019ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഉമേഷ് യാദവ് ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ തള്ളി ഉമേഷ് യാദവിന്റെ സെലക്ഷനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ്മ.

‘ഉമേഷിനെപ്പോലെയും ഷമിയെപ്പോലുമുള്ള താരങ്ങള്‍ ദീര്‍ഘ നാളുകളായി പന്തെറിയുന്നവരാണ്. അവരെ ഒരു ഫോര്‍മാറ്റിലേക്ക് മാത്രമല്ല പരിഗണിക്കാനാവുക. അവര്‍ കളിച്ച ഫോര്‍മാറ്റുകളിലെല്ലാം താരമെന്ന നിലയില്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ ഗുണം ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.’

‘പുതിയ താരങ്ങളെ പരിഗണിക്കുമ്പോഴേ അവര്‍ ഈ ഫോര്‍മാറ്റ് കളിച്ചിട്ടുണ്ടോ ഇല്ലെയോ എന്ന് പരിശോധിക്കേണ്ടതായുള്ളൂ. എന്നാല്‍ ഉമേഷിനെപ്പോലെയുള്ള താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്നസുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ്. അതുകൊണ്ടാണ് തിരികെ വിളിച്ചത്.’

Read more

‘കുറച്ച് ഓപ്ഷനുകള്‍ നമുക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കായി. കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന മുഹമ്മദ് സിറാജിനെ ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കായി വിളിച്ചുവരുത്താനാവില്ല. ആവേശ് ഖാന്‍ ഏഷ്യാ കപ്പിനിടെ അസുഖബാധിതനായി. അദ്ദേഹത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കുറച്ച് സമയം വേണ്ടിവരും’ രോഹിത്ത് പറഞ്ഞു.