ഐപിഎല്ലില്‍ മലയാളി താരങ്ങള്‍ക്ക് പുല്ലുവില, ലേലത്തില്‍ പങ്കെടുത്ത എട്ട് പേരും അണ്‍സോള്‍ഡ്

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ മലയാളി താരങ്ങളെ ആരും വാങ്ങിയില്ല. എട്ട് മലയാളികളാണ് ലേലത്തിനുണ്ടായിരുന്നത്. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, വൈശാഖ് ചന്ദ്രന്‍, സ്പിന്നര്‍ എസ് മിഥുന്‍, പേസര്‍മാരായ കെ എം ആസിഫ്, ബേസില്‍ തമ്പി, അകിന്‍ സത്താര്‍ എന്നിവരാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മലയാളികള്‍ രോഹന്‍ കുന്നുമ്മലും ബേസില്‍ തമ്പിയുമായിരുന്നു. ഐപിഎല്ലില്‍ മുമ്പ് കളിച്ച പരിചയം ബേസിലിനുണ്ടായിരുന്നു. എന്നാല്‍ ഒരു ടീമും ഇരുവര്‍ക്കുമായി താല്‍പ്പര്യം പ്രകടപ്പിച്ചില്ല. മലയാളിയായ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് പോലും ചെറുവിരല്‍ അനക്കിയില്ല.

ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഓസീസ് താരങ്ങള്‍ക്കായിരുന്നു ലേലത്തില്‍ കൂടുതല്‍ ഡിമാന്റ്. സ്റ്റാര്‍ക്കിനും കമ്മിന്‍സിനുമായി ടീമുകള്‍ മത്സരിച്ച് ലേലം വിളിച്ചു. ലേലത്തുക ഒന്നിലധികം തവണ റെക്കോഡുകള്‍ ഭേദിക്കുകയും ചെയ്തു. പാറ്റ് കമ്മിന്‍സിനെ 20.5 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുടക്കിയപ്പോള്‍ അത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോഡിട്ടു.

എന്നാല്‍ ആ റെക്കോഡിന് അധികം ആയുസ്സുണ്ടായില്ല. സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കിയപ്പോള്‍ അത് പഴങ്കഥയായി. ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി.