പുരുഷന്മാർക്ക് മാത്രമല്ല ഞങ്ങൾ വനിതകൾക്കും പറ്റുമെടാ ഓസ്‌ട്രേലിയയെ തകർത്തെറിയാൻ, ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വനിതകൾ; കങ്കാരൂ ഫ്രൈ ഇന്ത്യൻ ആരാധകർക്കുള്ള ക്രിസ്തുമസ് സമ്മാനം

ഓസ്‌ട്രേലിയന്‍ വനിതകളെ ഒന്നും തോൽപ്പിക്കാൻ പറ്റില്ല എന്ന പേരുദോഷം തിരുത്തി ഇന്ത്യ. ടെസ്റ്റിൽ ഉടനീളം ആധിപത്യം പുലർത്തിയ ഇന്ത്യൻ വനിതകൾ അർഹിച്ച ജയം സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ 75 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8 വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി 38 റണ്‍സുമായി സ്മൃതി മന്ദാനയും 12 റണ്‍സുമായി ജെമീമ റോഡ്രിഗസും പുറത്തായി. നാല് റണ്‍സെടുത്ത ഷഫാലി വര്‍മ്മയും 13 റണ്‍സെടുത്ത റിച്ച ഗോഷുമാണ് പുറത്തായത്.

സ്‌നേഹ് റാണ നാല് വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയ വനിതകൾ രണ്ടാം ഇന്നിംഗ്‌സിൽ 261 റൺസിന് പുറത്തായി. രാജേശ്വരി ഗയക്‌വാദും ഹർമൻപ്രീത് കൗറും യഥാക്രമം രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തഹ്‌ലിയ മഗ്രാത്താണ് സന്ദർശക ടീമിന്റെ ടോപ് സ്‌കോറർ. അവർ 73 റൺസ് നേടി, അലീസ ഹീലിയുമായി 60-ലധികം റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടെങ്കിലും അലീസ പുറത്തായത് ഇന്ത്യൻ വനിതകളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

എല്ലിസ് പെറി (45), അലിസ (32), അന്നബെൽ സതർലാൻഡ് (27) എന്നിവർ പരമാവധി ശ്രമിച്ചെങ്കിലും ഇന്ത്യയെ ജയത്തിൽ നിന്ന് തടയാനായില്ല. ഓസ്ട്രേലിയ പോലെ ഒരു മികച്ച ടീമിനെതിരെ കേൾക്കുമ്പോൾ ഉള്ള പേടി കാണിക്കാതെയാണ് ഇന്ത്യ കളിച്ചത്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് 219 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സില്‍ 406 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി സ്മൃതി മന്ദാനയും ജമീമയും റിച്ച ഗോഷും അര്‍ധ സെഞ്ച്വറി നേടിയിരുന്നു