വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ശുഭ്മാൻ ഗില്ലിന് കൈമാറിയതിന് പിന്നിലെ കാരണം അജിത് അഗാർക്കർ വ്യക്തമാക്കിയിരിക്കുകയാണ്. ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും ഏകദിനത്തിലും സൂര്യകുമാർ യാദവിൻ്റെയും രോഹിത് ശർമ്മയുടെയും ഡെപ്യൂട്ടി ആയി ഗില്ലിനെ നിയമിച്ച തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു. ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരെ ഈ റോളിലേക്ക് പരിഗണിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.
അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി 20 പരമ്പരയിൽ ഇന്ത്യയെ 4-1 ന് വിജയിപ്പിച്ചത് ശുഭ്‌മാൻ ഗില്ലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. “ഹാർദിക് പാണ്ഡ്യയെയും രോഹിത് ശർമ്മയെയും പോലെയുള്ള ഒരു സാഹചര്യം ഭാവിയിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. 2023 ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ടി20 ലോകകപ്പിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്തിയത്. ഈ സമയത്ത് ടി 20 യിൽ ഇന്ത്യക്ക് ഒരുപാട് നായകന്മാർ വന്ന് പോയി ഭാഗ്യവശാൽ, രോഹിത് ശർമ്മ ഞങ്ങൾക്ക് ഉണ്ടായിരുന്നു, ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ അദ്ദേഹം സമ്മതിച്ചു. ഞങ്ങളുടെ പതിവ് ക്യാപ്റ്റനില്ലാത്തതിനാൽ സാഹചര്യം ഞങ്ങൾക്ക് വെല്ലുവിളിയായി. ഇത് ഒഴിവാക്കാനാണ് ഞങ്ങൾ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത്.
“അദ്ദേഹം ത്രീ ഫോർമാറ്റ് കളിക്കാരനാണ്, ഇപ്പോഴും ചെറുപ്പമാണ്. രോഹിതിനെപ്പോലുള്ള മുതിർന്ന കളിക്കാരിൽ നിന്ന് അദ്ദേഹം നേതൃത്വത്തെക്കുറിച്ച് പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പന്തിനെ സംബന്ധിച്ചിടത്തോളം, ആദ്യം അദ്ദേഹത്തെ ഒരു കളിക്കാരനായി തിരികെ കൊണ്ടുവരേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾക്ക് തോന്നി. ഒരു വർഷത്തിലേറെയായി ക്രിക്കറ്റിന് പുറത്തായിരുന്നു. അവനെ ഭാരപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” അജിത് അഗാർക്കർ പറഞ്ഞു.
Read more
സെലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എൽ.രാഹുലിനെക്കുറിച്ചും സംസാരിച്ചു. “കെഎൽ രാഹുൽ കുറച്ചുകാലമായി ടി20 ഐ ടീമിൻ്റെ ഭാഗമല്ല, ഗില്ലിന് ഒരു നേതാവെന്ന നിലയിൽ വിജയിക്കാനുള്ള മിടുക്കുണ്ട്.”