'നിയമം അനുസരിക്കുക'- ചാമ്പ്യൻസ് ട്രോഫി ജേഴ്സിയിൽ പാക്കിസ്ഥാൻ്റെ പേര് ഉൾപ്പെടുത്താൻ ഇന്ത്യയോട് ഐസിസി

ചാമ്പ്യൻസ് ട്രോഫി ജേഴ്‌സിയിൽ പാക്കിസ്ഥാൻ്റെ പേര് ഉൾപ്പെടുത്താൻ ഇന്ത്യ വിമുഖത കാണിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ടൂർണമെൻ്റ് ജേഴ്‌സിയിൽ ആതിഥേയ രാജ്യത്തിൻ്റെ പേര് നിർബന്ധമായതിനാൽ എല്ലാ ടീമുകളും നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ഇന്റര്നഷ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. നേരത്തെ ചാമ്പ്യൻസ് ടീമിനായുള്ള ഇന്ത്യൻ ടീമിൻ്റെ ജേഴ്‌സിയിൽ ആതിഥേയ രാജ്യമായ ‘പാകിസ്ഥാന്റെ’ പേര് അച്ചടിക്കുന്നതിനെ ഇന്ത്യ എതിർത്തതായി റിപ്പോർട്ട് വന്നിരുന്നു.

ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ആതിഥേയരായി പാകിസ്ഥാൻ തുടരുന്നുണ്ടെങ്കിലും ഇന്ത്യ തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബായിൽ വെച്ചാണ് കളിക്കുക. സുരക്ഷാ കാരണങ്ങളെ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ഒരു ഹൈബ്രിഡ് മോഡൽ അംഗീകരിച്ചത്.

എന്നാൽ ടൂർണമെന്റ് വേദിയിൽ ഒരു തീരുമാനമായതിന്റെ തൊട്ട് പിന്നാലെയാണ് ജേഴ്സിയുടെ ആതിഥേയ നാമം പുതിയ വിവാദത്തിന് കാരണമായത്. വിവാദങ്ങൾക്കിടയിൽ പേര് വെളിപ്പെടുത്താത്ത ഒരു ഐസിസി ഉദ്യോഗസ്ഥൻ പാകിസ്ഥാനോട് സംസാരിക്കുകയും അന്തരീക്ഷം തണുപ്പിക്കുകയും ചെയ്തു. സ്റ്റാൻഡേർഡ് ബ്രാൻഡിംഗ് രീതികൾ അനുസരിച്ച്, ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ ടൂർണമെൻ്റ് ലോഗോയും ആതിഥേയ രാജ്യത്തിൻ്റെ പേരും പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ഓരോ ടീമിൻ്റെയും ജഴ്‌സിയിൽ ടൂർണമെൻ്റ് ലോഗോ ചേർക്കേണ്ടത് ഉത്തരവാദിത്തമാണ്. എല്ലാ ടീമുകളും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്.” ഐസിസി ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ, ചാമ്പ്യൻസ് ട്രോഫിയുടെ കർട്ടൻ റൈസർ ഇവൻ്റായ ക്യാപ്റ്റൻമാരുടെ മീറ്റിനായി ക്യാപ്റ്റൻ രോഹിത് ശർമ്മയെ പാകിസ്ഥാനിലേക്ക് അയക്കാനും ഇന്ത്യൻ ബോർഡ് വിസമ്മതിച്ചിരുന്നു.

Read more