ഏകദിന ലോകകപ്പ് 2023: സൂപ്പര്‍ താരം ഇല്ലാതെ ശ്രീലങ്ക ഇന്ത്യയിലേക്ക്, കനത്ത പ്രഹരം

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശ്രീലങ്കക്ക് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് ലോകകപ്പിന്റെ മുഴുവന്‍ സമയവും നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയെത്തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്ടമായ ലെഗ് സ്പിന്നര്‍, ലോകകപ്പ് സമയത്ത് സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ പരിശീലനത്തിനിടെ മറ്റൊരു പരിക്ക് കൂടി താരത്തിന് സംഭവിച്ചിരുന്നു. ഏറ്റവും പുതിയ പുതിയ പരിക്കില്‍ ലെഗ് സ്പിന്നര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും. ഇതിനെ തുടര്‍ന്ന് താരത്തിന് 6-8 ആഴ്ചത്തേക്ക് വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലോകകപ്പിനുള്ള ടീമിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. 15 അംഗ ടീമിനെ അന്തിമമാക്കാന്‍ ഐസിസി നല്‍കിയ സമയപരിധി സെപ്റ്റംബര്‍ 28 ആണ്. സെപ്തംബര്‍ 27 ന് ലങ്കക്കാര്‍ ലോകകപ്പിനായി പുറപ്പെടും. ഹസരംഗയുടെ പകരക്കാരനെ ഫൈനല്‍ ചെയ്യാന്‍ ശ്രീലങ്കയ്ക്ക് ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്.

ഹസരംഗയെ കൂടാതെ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയും ലോകകപ്പില്‍ നിന്ന് പുറത്തായേക്കും. ലോകകപ്പ്, ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമായ വലംകൈയ്യന്‍ പേസര്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.