ഏകദിന ലോകകപ്പ് ഫൈനല്‍: ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം?, സൂചന നല്‍കി രോഹിത്

ലോകകപ്പ് 13ാം പതിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. ഇവിടുത്തേത് സ്ലോ പിച്ചാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ ആര്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാവുമോയെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ്മ.

ടീമിലെ എല്ലാ താരങ്ങളേയും പരിഗണിക്കാവുന്നതാണ്. ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിച്ചിന്റെ സാഹചര്യം അനുസരിച്ച് ഏത് താരം വേണമെങ്കിലും കളിക്കാം. എല്ലാ താരങ്ങളും തങ്ങളുടെ ഉത്തരവാദിത്തത്തെ ഗൗരവമായിട്ടാണ് കാണുന്നത്.

ഷമി തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം മനോഹരമായി ഉപയോഗിച്ചു. എല്ലാ ക്രിക്കറ്റ് താരങ്ങളും പ്രൊഫഷണലാണ്. 15 താരങ്ങളില്‍ ആരെ വേണമെങ്കിലും ഉപയോഗിച്ചേക്കാം- രോഹിത് പറഞ്ഞു.

അശ്വിനെ ടീമിലുള്‍പ്പെടുത്തിയാല്‍ സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് എന്നിവരിലൊരാളെയാവും ഇന്ത്യക്ക് പുറത്തിരിക്കേണ്ടി വരിക. സൂര്യകുമാറിനെ പുറത്തിരുത്തിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിനെയത് ബാധിച്ചേക്കും. അതിനാല്‍ മാറ്റമുണ്ടായാല്‍ തന്നെ സിറാജാവും പുറത്താവുക. അപ്പോള്‍ ഇന്ത്യയുടെ പേസ് ആക്രമണം ബുംറയിലേക്കും ഷമിയിലേക്കുമായി ഒതുങ്ങും. പകരം മൂന്ന് സ്പിന്നേഴ്‌സ് എത്തും.