ഏകദിന ലോക കപ്പ്: ഷാകിബ് കാണിച്ചത് മോശം പ്രവൃത്തിയാണ്, അവനെ തടയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു; പക്ഷേ.. വലിയ വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് പരിശീലകൻ

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബ് അൽ ഹസന്റെ അപ്പീലിനെത്തുടർന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു. മത്സരത്തിലെ വിചിത്ര തീരുമാനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ ടീം നായകൻ ഷക്കിബ് അൽ ഹസന്റെ തീരുമാനത്തോട് യോജിക്കുന്നില്ല എന്ന അഭിപ്രായം പറയുകയാണ് ബോളിങ് പരിശീലകൻ അലൻ ഡൊണാൾഡ്.

രാജ്യാന്തര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റർ പന്തു നേരിടാൻ തയാറാകണമെന്നാണ്. അല്ലെങ്കിൽ എതിർ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം. കളിക്കളത്തിലിറങ്ങാൻ താൻ ആലോചിച്ചെന്നും നാടകമെല്ലാം അവസാനിപ്പിക്കാൻ ആയിരുന്നു ആഗ്രഹിച്ചത് എന്നും ഡൊണാൾഡ് ഗെയിമിന് ശേഷം നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

“ഏറ്റവും യുക്തിസഹമായ കാര്യം, ‘ശരി, വിഷമിക്കേണ്ട, സുഹൃത്തേ, നിങ്ങളുടെ ഹെൽമെറ്റ് വേഗത്തിൽ ക്രമീകരിക്കുക; നിങ്ങൾക്ക് അത് മാറ്റിസ്ഥാപിക്കാൻ സമയമുണ്ട് എന്ന് പറയുന്നത് ആയിരുന്നു ” മുൻ ദക്ഷിണാഫ്രിക്കൻ പേസർ CricBlog.Net-നോട് പറഞ്ഞു.

ഡൊണാൾഡ് കൂട്ടിച്ചേർത്തു:

“അത് സംഭവിച്ചപ്പോൾ എന്റെ മനസ് പറഞ്ഞതാണ്, ഗ്രൗണ്ടിൽ ഇറങ്ങി മാത്യൂസിന് അനുകൂലമായി സംസാരിക്കാൻ. പക്ഷെ ആ സമയത്ത് എല്ലാം കഴിഞ്ഞിരുന്നു . മാത്യൂസിന്റെ കാര്യത്തിലും അവന്റെ അപ്പോഴത്തെ അവസ്ഥയിലും എനിക്ക് സങ്കടം ഉണ്ട്. പക്ഷെ ഒന്നും ചെയ്യാൻ പറ്റിയില്ല”ഡൊണാൾഡ് തന്റെ അഭിപ്രായം പറഞ്ഞു

അതേസമയം തന്റെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് ഷാകിബ് ചെയ്തത്. എന്റെ ടീമിലെ ഫീൽഡർമാരിൽ ഒരാളാണ് ഇപ്പോൾ നിങ്ങൾ വിക്കറ്റിനു വേണ്ടി അപ്പീൽ ചെയ്യുകയാണെങ്കിൽ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടർന്നു ഞാൻ അമ്പയറോടു അപ്പീൽ ചെയ്യുകയായിരുന്നു. നിങ്ങൾ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീൽ പിൻവലിക്കുന്നുണ്ടോയെന്നും അമ്പയർ എന്നോടു ചോദിക്കുകയും ചെയ്തു.

Read more

“ഇതു നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യമാണ്. ചെയ്തതു ശരിയാണോ, തെറ്റാണോയെന്നൊന്നും എനിക്കറിയില്ല. ഞാൻ യുദ്ധമുഖത്തായിരുന്നു. എന്റെ ടീം ജയിക്കുമെന്നു ഉറപ്പ് വരുത്തേണ്ട ഒരു തീരുമാനമെടുക്കേണ്ടതും ആവശ്യമായിരുന്നു. ശരിയോ, തെറ്റോയെന്ന കാര്യത്തിൽ ചർച്ചകളുണ്ടാവും. പക്ഷെ നിയമത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്താൻ എനിക്കു മടിയില്ല.” ഇതായിരുന്നു ഷാകിബ് പറഞ്ഞത്