തുടർച്ചയായി കൊഴിഞ്ഞുപോക്ക് നടക്കുന്ന കോൺഗ്രസ്സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. പാലക്കാട് മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോയി. കൃഷ്ണകുമാരിയെ സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. വെള്ളിനേഴി പഞ്ചായത്തിൽ ദുരനുഭവം ഉണ്ടായെന്നും കൃഷ്ണകുമാരിയുടെ വാർഡിൽ ബിജെപിക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥിയാണെന്നും സുരേഷ് ബാബു പറഞ്ഞു.
ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാരി പാർട്ടിയിൽ ചേരുന്നത്. സിപിഐഎം പറഞ്ഞ കാര്യങ്ങൾ വസ്തുതയുണ്ട് എന്ന് തെളിയുകയാണെന്നും പി സരിൻ ഉയർത്തിയ നിലപാട് കോൺഗ്രസിൽ നിന്ന് വരുന്നവർ ശരിവെക്കുന്നുവെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
അതേസമയം കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സിന്ധു പറഞ്ഞു. ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും സിന്ധു പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റായിരുന്ന കൃഷ്ണകുമാരിയെ പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്. പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും സിന്ധു പറഞ്ഞു.