ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കും; കാരണം പറഞ്ഞ് വസീം അക്രം

ചാമ്പ്യന്‍സ് ട്രോഫിയിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ പാകിസ്ഥാന് മേല്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ പ്രവചിച്ച് പാക് ഇതിഹാസം വസീം അക്രം. ദുബായിലെ പിച്ചും ടീം കോമ്പിനേഷനുമെല്ലാം ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടായി മാറുമെന്നാണ് അക്രമിന്റെ നിരീക്ഷണം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ്. ഈ മാസം 23നാണ് ഇന്ത്യ-പാക് പോരാട്ടം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം ദുബായിലാണ് നടക്കാനിരിക്കുന്നത്. ദുബായില്‍ ഇപ്പോഴുള്ള വിക്കറ്റില്‍ പുല്ലൊന്നുമില്ല. അതുകൊണ്ടു തന്നെ ബോള്‍ ഗ്രിപ്പ് ചെയ്യുന്നുമുണ്ട്. ഒരു സ്പിന്നറും ഒരു പാര്‍ട്ട് ടൈം സ്പിന്നറുമായിട്ടാണ് പാകിസ്ഥാന്റെ വരവ്. എന്നാല്‍ ഇന്ത്യയുടെ പക്കല്‍ മൂന്ന്- നാല് സ്പിന്നര്‍മാരുണ്ട്. ഇതു തീര്‍ച്ചയായും വ്യത്യാസമുണ്ടാക്കുക തന്നെ ചെയ്യും. പാകിസ്ഥാനെതിരേ ഇന്ത്യക്കു ഇതു മുന്‍തൂക്കവും നല്‍കിയേക്കും.

അടുത്തിടെ പ്രഖ്യാപിച്ചിട്ടുള്ള പാകിസ്താന്‍ ടീമിനെ ഞാന്‍ കണ്ടിരുന്നു. പക്ഷെ ടീമിലേക്കു ഗൗരവമായി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ചില പ്രശ്നങ്ങള്‍ ടീമിനുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. ഫഹീം അഷ്റഫ് പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവനു ഞാന്‍ എല്ലാ വിധ ആശംസകളും നേരുകയാണ്. പ്രതിഭാശാലിയായ ക്രിക്കറ്ററാണ് ഫഹീം. പക്ഷെ അവസാനത്തെ 20 ടി20കളില്‍ അവന്റെ ബോളിംഗ് ശരാശരി 100ഉം ബാറ്റിംഗ് ശരാശരി ഒമ്പതുമാണ്.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഫഹീം ടീമിലേക്കു വന്നത്. ഖുശ്ദിലും (ഖുശ്ദില്‍ ഷാ) ടീമിലെ സര്‍പ്രൈസ് എന്‍ട്രിയാണ്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ടൂര്‍ണമെന്റിനായി പാക് ടീം കൊണ്ടുപോവുന്നത്. മറുഭാഗത്തു മൂന്ന്- നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യയുടെ വരവ്.

പാകിസ്ഥാന്‍ ടീമിനു എല്ലാവിധ ആശംസകളും ഞാന്‍ നേരുകയാണ്. ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും അവര്‍ക്കുണ്ടാവും. പാകിസ്താന്‍ ടീം സെമി ഫൈനലില്‍ എത്തുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ- അക്രം കൂട്ടിച്ചേര്‍ത്തു.

Read more