ആരും കൊതിയ്ക്കും, ആ താരത്തെ പുറത്താക്കി കന്നിവിക്കറ്റ്, പകരം വീട്ടി പാക് കൗമാര താരം

കാത്തിരിപ്പിന് അറുതിയായി. ഒടുവില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പാക് കൗമാരതാരം നസീം ഷാ ആദ്യ വിക്കറ്റ് വീഴ്ത്തി. ഏതൊരു ബൗളറും കൊതിക്കുന്ന വിക്കറ്റാണ് നസീം ഷാ തന്റെ കന്നിമത്സരത്തില്‍ കൈക്കലാക്കിയത്. അത് മറ്റാരുമായിരുന്നില്ല സാക്ഷാല്‍ ഡേവിഡ് വാര്‍ണറുടേത്.

154 റണ്‍സെടുത്ത വാര്‍ണറെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്റെ കൈയ്യിലെത്തിച്ചാണ് നസീം ഷാ തന്റെ ആദ്യ വിക്കറ്റ് ആഘോഷിച്ചത്. നേരത്തെ വാര്‍ണര്‍ 56 റണ്‍സ് എടുത്ത് നില്‍ക്കെ സമാനമായ രീതിയില്‍ നസീം ഷാ തന്നെ വാര്‍ണറെ പുറത്താക്കിയെങ്കിലും അത് നോ ബോള്‍ ആയതിനാല്‍ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. എന്നാല്‍ വാര്‍ണറുടെ വിക്കറ്റ് തന്നെ സ്വന്തമാക്കി നസീം ഷാ “തെറ്റ് തിരുത്തി”.

പാകിസ്ഥാന്‍ അഭ്യന്തര ക്രിക്കറ്റില്‍ കാഴ്ച്ചവെച്ച ശ്രദ്ധേയമായ പ്രകടനങ്ങളാണ് 16കാരനായ നസീം ഷായ്ക്ക് ദേശീയ ടീമില്‍ ഇടംനല്‍കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 20 ഓവര്‍ എറിഞ്ഞ നസീം ഷാ 86 റണ്‍സ് വഴങ്ങിയാണ് ഏക വിക്കറ്റ് സ്വന്തമാക്കിയത്.

അതെസമയം മത്സരത്തില്‍ ഓസ്‌ട്രേലിയ പിടിമുറുക്കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 240 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ 580 റണ്‍സെടുത്തു. 340 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മൂന്നിന് 64 എന്ന നിലയില്‍ പരുങ്ങുകയാണ്. ഏഴ് വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ പാകിസ്ഥാന് ഇനിയും 275 റണ്‍സ് കൂടി വേണം.

Read more

ഓസ്‌ട്രേലിയക്കായി വാര്‍ണര്‍ക്ക് പുറമെ ലുബ്‌സ് ചെയ്ഞ്ചും സെഞ്ച്വറി നേടി. 279 പന്തില്‍ 20 ബൗണ്ടറി സഹിതം 185 റണ്‍സാണ് ഓസീസ് താരം നേടിയത്. സ്മിത്ത് നാല് റണ്‍സെടുത്ത് പുറത്തായി.