PBKS VS CSK: സെഞ്ച്വറിനേട്ടത്തിന് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ തേടി മറ്റൊരു റെക്കോഡ്, കോഹ്ലിക്കൊപ്പം ഈ ലിസ്റ്റില്‍ ഇടംപിടിച്ച് യുവതാരം, പൊളിച്ചല്ലോ മോനെയെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനായി അതിവേഗ സെഞ്ച്വറി നേടി സൂപ്പര്‍സ്റ്റാറായിരിക്കുകയാണ് പ്രിയാന്‍ഷ് ആര്യ. 39 പന്തുകളിലാണ് 24കാരന്‍ ഇന്ന് സിഎസ്‌കെയ്‌ക്കെതിരെ മൂന്നക്കം തികച്ചത്. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി കളിയില്‍ പഞ്ചാബ് സമ്മര്‍ദത്തിലായ സമയത്തായിരുന്നു യുവഓപ്പണര്‍ നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവച്ചത്. 42 പന്തില്‍ എഴ് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെ 103 റണ്‍സ് നേടിയ ശേഷമായിരുന്നു പ്രിയാന്‍ഷ് ആര്യയുടെ പുറത്താവല്‍.

ഈ സെഞ്ച്വറിയോടെ ഐപിഎല്ലില്‍ അതിവേഗ സെഞ്ച്വറി നേടിയ ഇന്ത്യക്കാരില്‍ യൂസഫ് പത്താന് പിന്നില്‍ രണ്ടാമന്‍ ആകാനും പ്രിയാന്‍ഷിന് സാധിച്ചു. 37 പന്തുകളിലാണ് യൂസഫിന്റെ നേട്ടം. അതേസമയം പ്രിയാന്‍ഷ് ആര്യ ഇന്ന് മറ്റൊരു റെക്കോര്‍ഡ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ചതിലൂടെ വിരാട് കോഹ്ലി ഉള്‍പ്പെടുന്ന എലൈറ്റ് ലിസ്റ്റിലാണ് പ്രിയാന്‍ഷ് കയറിയത്. കോഹ്ലിയും പ്രിയാന്‍ഷ് ആര്യയും ഉള്‍പ്പെടെ നാല് ബാറ്റര്‍മാര്‍ മാത്രമാണ് ഐപിഎലില്‍ ആദ്യ ബോളില്‍ സിക്‌സ് അടിച്ചിട്ടുളളത്.

ആദ്യ ബാറ്റിങ്ങില്‍ 20 ഓവറില്‍ 219 റണ്‍സാണ് സിഎസ്‌കെയ്‌ക്കെതിരെ പഞ്ചാബ് കിങ്‌സ് അടിച്ചെടുത്തത്. പ്രിയാന്‍ഷിന് പുറമെ ശശാങ്ക് സിങും ഇന്ന് തിളങ്ങി. 36 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 52 റണ്‍സാണ് ശശാങ്ക് നേടിയത്. മാര്‍ക്കോ യാന്‍സന്‍ 19 പന്തുകളില്‍ 34 റണ്‍സടിച്ച് ശശാങ്കിന് മികച്ച പിന്തുണ നല്‍കി.