അന്നൊരിക്കൽ സർഫ്രാസ് തന്റെ പിതാവിനോട് പറഞ്ഞു. ഇത്തവണയും ഇന്ത്യൻ ടീമിൽ ഇടമില്ലെങ്കിൽ നമുക്ക് ലോക്കൽ ട്രെയിനിൽ ട്രാക്ക് പാന്റ് വിൽക്കാൻ പോകാം. അത്രയ്ക്കും മനസ് മടുത്തായിരുന്നു അദ്ദേഹം തന്റെ പിതാവിനോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകാനായി തന്റെ പിതാവ് മറുപടിയായി ഒരു കാര്യം മാത്രമാണ് പറഞ്ഞത്, എത്ര മടുത്താലും എത്രയൊക്കെ തഴയലുകൾ നേരിട്ടാലും ഒരു നാൾ വിജയം നിന്നെ തേടി എത്തും. ഇന്ന് ആ വാക്കുകൾ സത്യമായി. ന്യുസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ പൂജ്യനായി മടങ്ങിയപ്പോൾ ഇവനെ എന്തിനാണ് ടീമിൽ എടുത്തത് എന്ന ചോദ്യത്തിൽ നിന്നും ഇവനെ ഇത്രയും നാൾ എന്ത് കൊണ്ട് ടീമിൽ എടുത്തില്ല എന്ന ചോദ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ.
ആദ്യ ഇന്നിങ്സിൽ 46 നു ഓൾ ഔട്ട് ആയ ഇന്ത്യ രണ്ടാം ഇന്നിങ്സിലും മോശമായ ബാറ്റിംഗ് പ്രകടനം നടത്തും എന്ന് വിചാരിച്ച് ആരാധകർക്ക് തെറ്റ് പറ്റി. സ്ഥിരതയാർന്ന ഇന്നിങ്സ് കളിച്ച് രോഹിത്ത് ശർമ്മ, വിരാട് കോഹ്ലി എന്നി ഇതിഹാസങ്ങൾ ടീമിന് അടിത്തറ നൽകിയപ്പോൾ ക്ലാസ് ഷോട്ടുകൾക്കും ആക്രമണ ഷോട്ടുകൾക്കും ഒരേ സമയം പ്രാധാന്യം നൽകി റൺസ് ഉയർത്തി കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ സർഫ്രാസ് ഖാൻ ടീമിലെ രക്ഷകനായി.
വിരാട് കോഹ്ലി രോഹിത് ശർമ്മ സർഫ്രാസ് ഖാൻ എന്നിവരോടൊപ്പം മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം കൂടെ ഉണ്ട് ഇന്ത്യൻ ടീമിൽ. റിഷബ് പന്ത്. വിക്കറ്റുകൾ വലിച്ചെറിയുന്നു, അനാവശ്യ ഷോട്ടുകൾ കളിക്കുന്നു, ടെസ്റ്റിൽ ടി-20 ലെവൽ ബാറ്റിങ്ങും, ടി-20 യിൽ ടെസ്റ്റ് ലെവൽ ബാറ്റിങ്ങും കാഴ്ച വെക്കുന്നു എന്നുള്ള പരിഹാസങ്ങൾ എല്ലാം കേട്ട താരമാണ് അദ്ദേഹം. ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ട ഒന്നര വർഷത്തോളം ഇന്ത്യൻ കുപ്പായത്തിനോട് അവധി എടുത്ത പന്ത് ടിമിലേക്ക് തന്റെ രാജകീയ തിരിച്ച് വരവിൽ സമ്മാനമായി നൽകിയത് ടി-20 ലോകകപ്പ് ട്രോഫിയായിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നി ടീമുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന താരമാണ് റിഷബ് പന്ത്.
ന്യുസിലാൻഡുമായുള്ള മത്സരത്തിൽ നിലയുറപ്പിക്കാൻ ഇന്ത്യൻ ടീമിൽ സർഫ്രാസിന്റെ കൂടെ പ്രധാന പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ഇരുവരുടെയും പ്രകടനം കൊണ്ട് നമുക്ക് ഒരു കാര്യം മനസിലാക്കാം, ഇന്ത്യൻ ടീമിന്റെ മിഡിൽ ഓർഡർ കാര്യത്തിൽ ഇനി ആശങ്കപെടേണ്ട ആവശ്യമില്ല. പുതിയ ഒരു ഡെഡ്ലി ആൻഡ് ഡേഞ്ചറസ് കോംബോ കൂടെ നമുക്ക് കിട്ടിയിരിക്കുകയാണ്.
പ്രതിസന്ധികളെ തരണം ചെയ്തും തഴയലുകളെയും തോൽവിയെയും ഒരു ചെറു പുഞ്ചിരിയോടെ നേരിട്ട് രാജ്യത്തിനായി കളിക്കളത്തിൽ വിയർപ്പ് ഒഴുക്കി ഇന്ത്യൻ ടീമിനെ എന്നും ഉന്നതിയിൽ എത്തിക്കാൻ ഇവർക്ക് സാധിക്കും എന്നത് ഉറപ്പാണ്. തിരിച്ച് വരവ് ഗംഭീരമാക്കാൻ ഇന്ത്യൻ ടീമിനെ വെല്ലാൻ ക്രിക്കറ്റ് ലോകത്ത് മറ്റൊരു ടീമിനും സാധിക്കില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലെ ഇന്ത്യയുടെ സ്‌ഥാനം.
കരുത്തരായ ഓസ്‌ട്രേലിയെയും, ഇംഗ്ലണ്ടിനെയും, സൗത്ത് ആഫ്രിക്കയെയും ശ്രീലങ്കയെയും എല്ലാം പിന്തള്ളി 98 പോയിന്റുകളുമായി ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽകുന്നത്. അത്രയും ഉയർന്ന് വരാൻ ഇന്ത്യക്ക് സാധിച്ചത് സാഹചര്യം മനസിലാക്കി പ്രകടനം കാഴ്ച വെക്കുന്ന താരങ്ങൾ മുതൽ കൂട്ടായത് കൊണ്ടാണ്. രോഹിത് ശർമ്മ വഴി ആദ്യ ടെസ്റ്റ് ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇന്ത്യൻ ആരാധകർ.