'എനിക്ക് ഇഷ്ടമാണ്', ഉള്ളിലൊളിപ്പിച്ച രഹസ്യം വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍

ഇംഗ്ലീഷ് പേസ് ബോളിംഗ് നിരയിലെ നിത്യഹരിതനായകനാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. മുന്‍ഗാമികളിലും സമകാലികരിലും ഭൂരിഭാഗംപേരും വിരമിച്ച പ്രായത്തില്‍ ആന്‍ഡേഴ്‌സണ്‍ യുവ ബോളര്‍മാരെപോലെ പന്തെറിയുകയാണ്. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ജിമ്മി തന്റെ ഒരിഷ്ടം തുറന്നുപറഞ്ഞു.ക്രിക്കറ്റിന്റെ തറവാട് മുറ്റം എന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് ഗ്രൗണ്ടിനോടുള്ള ഇഷ്ടമാണ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തിയത്. ലോര്‍ഡ്‌സില്‍ ഏഴാം തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയശേഷം സംസാരിക്കുകയായിരുന്നു ആന്‍ഡേഴ്‌സണ്‍.

ലോര്‍ഡ്‌സിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവിടെ വരുന്നത് സന്തോഷകരമായ കാര്യമാണ്. ലോര്‍ഡ്‌സ് എന്നില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരുന്നു. ഇവിടെയാണ് ഞാന്‍ അരങ്ങേറിയത്. ആദ്യമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയതും ഈ കളത്തിലാണ്. ഏഴു തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കാനായത് അവിശ്വസനീയം- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളെ കുറിച്ചും ആന്‍ഡേഴ്‌സണ്‍ വിലയിരുത്തി. പിച്ചില്‍ അധികം സ്വിംഗില്ല. അതിനാല്‍ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു അടുത്തെത്താനാകുമെന്ന് കരുതുന്നു. മൂന്നാം ദിനം മുഴുവന്‍ ബാറ്റ് ചെയ്താല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.