"ഒരു പരമ്പര തോറ്റെന്നു വെച്ച് ഇങ്ങനെ ഓവർ ആകേണ്ട ആവശ്യമില്ല"; തുറന്നടിച്ച് രോഹിത്ത് ശർമ്മ

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. അവര്‍ ആദ്യം ബെംഗളൂരുവിലും പിന്നീട് പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബാറ്റിലും പന്തിലും ശോഭിക്കാനായില്ല. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതയുടെ കാര്യം ആശങ്കയിലായി. ഇനിയുള്ള 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4 എണ്ണത്തിൽ വിജയിക്കണം. എന്നാൽ മാത്രമേ ഫൈനലിലേക്കുള്ള ടിക്കറ്റ് ഇന്ത്യക്ക് ഉറപ്പാക്കാൻ സാധിക്കൂ.

മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിൽ നായകനായ രോഹിത്ത് ശർമ്മയേയും പരിശീലകനായ ഗൗതം ഗംഭീറിനെയും വിമർശിച്ച് ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനെതിരെ രോഹിത്ത് ശർമ്മ സംസാരിച്ചു. ഇടയ്ക്ക് ഒരു പരമ്പര തോറ്റെന്ന് കരുതി ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകരുത് എന്നാണ് അദ്ദേഹം പറയുന്നത്.

രോഹിത്ത് ശർമ്മ പറഞ്ഞു:

“12 വര്‍ഷത്തില്‍ ഒരുതവണ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. സ്ഥിരമായി ഈ പ്രകടനമാണ് ഞങ്ങള്‍ പുറത്തെടുത്തിരുന്നതെങ്കില്‍ ഇത്രയും വര്‍ഷം ഞങ്ങള്‍ ഹോം മാച്ചുകളില്‍ വിജയിക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഹോം മത്സരങ്ങളിലും വിജയിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഒരു പരമ്പര കൈവിട്ടു പോയി, അതിനു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകേണ്ട ആവശ്യമില്ല” രോഹിത്ത് ശർമ്മ പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽകുന്നതെങ്കിലും ഫൈനലിലേക്ക് കയറുന്ന കാര്യത്തിൽ ഇപ്പോൾ ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. അടുപ്പിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചത് കൊണ്ട് ന്യുസിലാൻഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് നിലവിലെ കപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയാണ്.