ദ്രാവിഡ് ഇനി സഞ്ജുവിനൊപ്പം!, വമ്പന്‍ പ്രഖ്യാപനം വരുന്നു

ഇന്ത്യന്‍ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡുമായി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ മുഖ്യ പരിശീലകനായി വീണ്ടും ഫ്രാഞ്ചൈസിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി, ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കാം.

നിലവില്‍ കുമാര്‍ സംഗക്കാരയാണ് റോയല്‍സിന്റെ ക്രിക്കറ്റ് പരിശീലകനും ഡയറക്ടറും. 2008 ലെ ഉദ്ഘാടന പതിപ്പിന് ശേഷം ടീമൊരു ഐപിഎല്‍ കിരീടം നേടിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 51 കാരനായ ദ്രാവിഡ്, ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ വളരെ വിജയകരമായ പ്രവര്‍ത്തനത്തിന് ശേഷം അടുത്ത അധ്യായത്തിന് തയ്യാറാണ്.

രാഹുല്‍ ദ്രാവിഡിന് റോയല്‍സുമായി ദീര്‍ഘകാല ബന്ധമുണ്ട്. മുമ്പ് അദ്ദേഹം ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരുന്നു. 2013 ലെ ഐപിഎല്‍ പ്ലേഓഫിലും ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലും അദ്ദേഹം അവരെ എത്തിക്കാന്‍ സഹായിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ ക്യാപ്റ്റന്‍മാരിലും ദ്രാവിഡിന് ഏറ്റവും മികച്ച റെക്കോര്‍ഡ് ഉണ്ട്. 40 ഔട്ടിംഗുകളില്‍നിന്ന് 23 വിജയങ്ങളിലേക്ക് അദ്ദേഹം അവരെ നയിച്ചു.

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം, ദ്രാവിഡിനെ രാജസ്ഥാന്‍ ഒരു ഉപദേശകനായി തിരഞ്ഞെടുത്തു. കൂടാതെ ഇന്ത്യ അണ്ടര്‍ 19 ന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം രണ്ട് സീസണുകളില്‍ ഐപിഎല്‍ ടീമില്‍ സേവനമനുഷ്ഠിച്ചു.