രാഹുലിന്റെ പരിക്ക് ഗുരുതരം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പകരം ആരെ കളിപ്പിക്കും?, സാദ്ധ്യതകള്‍ ഇങ്ങനെ

തിങ്കളാഴ്ച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് ഐപിഎല്‍ 2023 സീസണിന്റെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫീല്‍ഡിംഗിനിടെ വലതുകാലിന് പരിക്കേറ്റ താരം മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. താരത്തിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

രാഹുലിന്റെ പരിക്ക് ഐപിഎല്ലില്‍ ലഖ്‌നൗവിനെ മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിലവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് രാഹുലിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനല്‍ മത്സരം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ എങ്കില്‍ ആ സ്ഥാനത്തേക്ക് പകരമൊരു താരത്തെ ഇന്ത്യയ്ക്ക് തിരഞ്ഞെടുക്കേണ്ടതുണ്ട്.

കെ.എസ് ഭരത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കളിപ്പിക്കാനായിരുന്നു ഇന്ത്യയുടെ പ്ലാന്‍. ഇഷാന്‍ കിഷനെ ബാക്കപ്പ് കീപ്പറായി ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള ഇഷാനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്തേക്കില്ല.

Read more

സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കാത്തതിനാല്‍ സഞ്ജുവിന് വിളിയെത്താനുള്ള സാദ്ധ്യത കുറവാണ്. അങ്ങനെവന്നാല്‍ രാഹുലിന്റെ അസാന്നിധ്യത്തില്‍ ഭരത്തുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.