പ്രധാന സ്പിന്നര്‍മാരായ ഹസരങ്ക, മഹീഷ് തീക്ഷ്ണ എന്നിവര്‍ക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെതിരെ ഇന്നലെ പരീക്ഷിച്ച സ്പിന്നറാണ് കുമാര്‍ കാര്‍ത്തികേയ. ലഭിച്ച അവസരം നന്നായി വിനിയോഗിച്ച താരം രണ്ട് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്തു. പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിന്റെ വിക്കറ്റാണ് കാര്‍ത്തികേയ എടുത്തത്. മുംബൈ ഇന്ത്യന്‍സിനായി കളിച്ച് ഐപിഎല്‍ കരിയര്‍ തുടങ്ങിയ താരമാണ് കുമാര്‍ കാര്‍ത്തികേയ. ഇക്കഴിഞ്ഞ ലേലത്തില്‍ 30 ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് കുമാറിനെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ കളിപ്പിച്ചില്ലെങ്കിലും സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ കാര്‍ത്തികേയയെ പരീക്ഷിക്കുകയായിരുന്നു ആര്‍ആര്‍. കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന പലരെയും പോലെ കുമാര്‍ കാര്‍ത്തികേയയ്ക്കും പറയാനുണ്ടൊരു പഴയകാലം. കുട്ടിക്കാലത്തെ ക്രിക്കറ്റ് താരമാകാന്‍ വലിയ ആഗ്രഹമായിരുന്നു താരത്തിന്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തില്‍ നിന്നുളള ആളായതിനാല്‍ തന്റെ ആഗ്രഹത്തിനായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന പോയ ഒരു കൗമാരമായിരുന്നു കാര്‍ത്തികേയയ്ക്ക്.
എന്നാല്‍ ഒരു ഘട്ടത്തില്‍ തനിക്ക് ക്രിക്കറ്ററാക്കണം എന്ന് കുമാര്‍ ഉറപ്പിച്ചതോടെ 15ാം വയസില്‍ തന്നെ വീട്ടുവിട്ടിറങ്ങുകയായിരുന്നു. ലീഗ് മത്സരങ്ങള്‍ കളിക്കുന്ന ഒരു സുഹൃത്ത് ഡല്‍ഹിയില്‍ ഉണ്ടെന്ന ധൈര്യത്തിലാണ് കുമാര്‍ കാര്‍ത്തികേയ നാട്ടില്‍ നിന്നും വണ്ടി കയറിയത്. ഈ സുഹൃത്തിന്റെ സഹായത്തില്‍ തുടക്കത്തില്‍ ഡല്‍ഹിയില്‍ നിന്നും 80കിലോ മീറ്റര്‍ മാറി പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിയില്‍ ജോലിക്കുകയറി. രാത്രിയില്‍ ജോലിക്ക് പോയി പകല്‍ ക്രിക്കറ്റ് പരിശീലനത്തിനായി മാറ്റിവെക്കണം എന്നതായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ പ്രധാനപ്പെട്ട അക്കാദമികളിലൊന്നും പ്രവേശനം ലഭിച്ചില്ല. എന്നാല്‍ കാര്‍ത്തികേയയുടെ അവസ്ഥ അറിഞ്ഞ് ഭരദ്വാജ് എന്നൊരു പരിശീലകന്‍ അദ്ദേഹത്തിന്റെ അക്കാദമിയില്‍ പ്രവേശനം നല്‍കി.
താമസസ്ഥലത്ത് നിന്ന് 80 കിലോമീറ്ററോളം ദൂരമായിരുന്നു ക്രിക്കറ്റ് അക്കാദമിയിലേക്ക്. ഇത്രയും ദൂരം ദിവസവും ബസില്‍ പോകാനുളള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ട് പകുതി ദൂരം ബസിലും ബാക്കി പകൂതി നടന്നുപോകാനും കുമാര്‍ തീരുമാനിച്ചു. 10 രൂപയുടെ ബിസ്‌കറ്റൊക്കെ ആയിരുന്നു അന്ന് താരത്തിന്റെ ഉച്ചഭക്ഷണം. എന്നാല്‍ പരിശീലകന്‍ ഇതറിഞ്ഞതോടെ അക്കാദമിക്ക് അടുത്ത് കാര്‍ത്തികേയയ്ക്ക് താമസസൗകര്യം ഒരുക്കുകയായിരുന്നു. പിന്നാലെയാണ് രഞ്ജി ടീമിലേക്ക് എത്തുന്നതും അവിടെ നിന്ന് ഐപിഎല്‍ താരലേലത്തിലും കാര്‍ത്തികേയ ഇടംപിടിക്കുന്നത്. ലേലത്തില്‍ തഴയപ്പെട്ടെങ്കിലും അര്‍ഷദ് ഖാന്‍ എന്ന താരത്തിന് പരിക്കേറ്റ സമയത്ത് മുംബൈ ടീമിലെത്തുകയായിരുന്നു. കാരം ബോള്‍, ലെഗ് സ്പിന്‍, റിസ്റ്റ് സ്പിന്‍, ഫിംഗര്‍ സ്പിന്‍ ഉള്‍പ്പെടെ എല്ലാവിധ പന്തുകളും ഏറിയാന്‍ കഴിവുളള താരമാണ് കുമാര്‍ കാര്‍ത്തികേയ. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സിനായി ഇനിയുളള മത്സരങ്ങളിലും താരം തിളങ്ങാനുളള സാധ്യതകള്‍ ഏറെയാണ്.