രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ പിടിമുറുക്കി വിദര്‍ഭ. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ വിദർഭ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയിലാണ്. ഡാനിഷ് മലേവറുടെ (138) സെഞ്ച്വറിയാണ് വിദര്‍ഭയ്ക്ക് കരുത്തായത്.
ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ ഡാനിഷിനൊപ്പം യാഷ് താക്കൂര്‍ (5) ആണ് ക്രീസിൽ. മലയാളി താരം കരുണ്‍ നായര്‍ (86) മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ട് വിക്കറ്റെടത്തു.
ഡാനിഷ് മാലേവാറും കരുൺ നായരും തമ്മിലുള്ള ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് കേരളത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ആദ്യ സെഷനിൽ വിദർഭയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. അവരുടെ ടോപ്പ് ഓർഡർ ബോർഡിൽ വെറും 24 റൺസ് മാത്രം നേടി പുറത്തായി. എന്നാൽ, മലേവാറും നായരും ചേർന്ന് 215 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ആതിഥേയർ മേൽക്കൈ നേടിയെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയ്ക്ക് രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. രണ്ട് പന്ത് ക്രീസില്‍ നിന്ന പാര്‍ഥിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇന്നിംഗ്സിലെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും പറഞ്ഞയച്ച് നിധിഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. 21 പന്ത് ക്രീസില്‍ ചിലവഴിച്ചിട്ടും ദര്‍ശന് ഒരു റണ്ണേ നേടാനായുള്ളൂ.
പിന്നീട് അധികം വൈകാതെ പിടിച്ചു നിൽപ്പ് മതിയാക്കി ഓപ്പണർ ധ്രുവ് ഷോറെ കൂടി പുറത്തായതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 35 ബോളുകള്‍ ക്രീസില്‍ നിന്ന ധ്രുവ് 16 റണ്‍സേ പേരിലാക്കിയുള്ളൂ. ഇതോടെ വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയിലായി. പിന്നീട് കരുണ്‍ – ഡാനിഷ് സഖ്യം വിദർഭയെ ധീരമായി മുന്നോട്ട് നയിച്ചു. സെഞ്ച്വറിയിലേക്ക് അനായാസം നീങ്ങുകയായിരുന്ന കരുൺ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.