74 വർഷത്തിന്റെ കാത്തിരിപ്പിന് ശേഷം കേരളം രാജകീയമായി തങ്ങളുടെ ആദ്യ രഞ്ജി ട്രോഫിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്തായിരുന്നു. 2 റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു. നാടകീയമായ വിക്കറ്റിലൂടെയായിരുന്നു കേരളം ഗുജറാത്തിന്റെ അവസാന വിക്കറ്റ് നേടിയത്.
മലയാളി താരമായ സഞ്ജു സാംസൺ ആദ്യ മത്സരങ്ങൾ കളിച്ച ശേഷം ഇന്ത്യൻ ടീമിലെ മത്സരങ്ങൾക്കായി രഞ്ജിയിൽ നിന്ന് പോയിരുന്നു. അതിന് ശേഷം കൈ വിരലിന് പരിക്കേറ്റതോടെ തിരികെ രഞ്ജിയിലേക്ക് വരാൻ സാധിച്ചിരുന്നില്ല. എന്തിരുന്നാലും താരം കേരള ടീമിന് വേണ്ട പിന്തുണയും നിർദേശങ്ങളും ടൂർണമെന്റിൽ ഉടനീളം നൽകുന്നുണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.
മുഹമ്മദ് അസ്ഹറുദ്ദീന്‍ പറയുന്നത് ഇങ്ങനെ:
” ഈയൊരു നിമിഷത്തില്‍ ഞാന്‍ സഞ്ജു സാംസണിനു നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. പരിക്കു കാരണം അദ്ദേഹത്തിനു ഞങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞില്ല. സഞ്ജു ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗം തന്നെയാണ്. കഴിഞ്ഞ ദിവസം ടീമിന്റെ മനോവീര്യം അല്‍പ്പം കുറഞ്ഞപ്പോള്‍ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു” മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.
ഫെബ്രുവരി 26 ആം തിയതിയാണ് ഫൈനൽ മത്സരം നടക്കുക. വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ. സെമി ഫൈനലിൽ മുംബൈയെ 80 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. 2019-ൽ ആദ്യമായി കേരളം സെമി ഫൈനലിൽ എത്തിയപ്പോൾ അന്ന് എതിരാളികൾ വിദർഭയായിരുന്നു. എന്നാൽ ഫൈനലിലേക്ക് പ്രവേശിക്കാൻ കേരളത്തിന് സാധിച്ചില്ല.