തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാനാവാതെ കേരളം. വിദർഭ കേരള മത്സരം സമനിലയായതോടെ വിദർഭ കിരീടം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ വിദർഭ നേടിയ 37 റൺസിന്റെ ലീഡിലാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സിൽ 379 റൺസ് നേടിയ വിദർഭയ്ക്കെതിരെ മറുപടി ബാറ്റിംഗിൽ കേരളത്തിന് 342 റൺസ് നേടാൻ സാധിച്ചുള്ളൂ. തുടർന്ന് 37 റൺസിന്റെ ലീഡ് സ്വന്തമാക്കി വിദർഭ. മത്സരത്തിന് ശേഷം കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സച്ചിൻ ബേബി സംസാരിച്ചു.
സച്ചിൻ ബേബി പറയുന്നത് ഇങ്ങനെ:
” വിദർഭ ടീമിന് അഭിനന്ദനങ്ങൾ. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഈ ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. എല്ലാ താരങ്ങളും ഒരുപാട് മികച്ച പ്രകടനം നടത്തി. ഫൈനലിൽ വിദർഭയേക്കാൾ കൂടുതൽ പിഴവുകൾ വരുത്തിയത് കേരള ടീമാണ്. എന്റെ വിക്കറ്റാണ് മത്സരഫലം മാറ്റിമറിച്ചത്. അതിന്റെ കുറ്റക്കാരൻ ഞാൻ മാത്രമാണ്. ആ സമയത്ത് ടീമിനായി ഞാൻ ക്രീസിൽ തുടരണമായിരുന്നു. ലീഡ് നേടും വരെ ഞാൻ ടീമിനൊപ്പം വേണമായിരുന്നു. സാധാരണപോലെയാണ് ഞാൻ കളിച്ചത്. എന്നാൽ അപ്രതീക്ഷിതമായി നിർഭാഗ്യം കടന്നുവന്നു. അടുത്ത തവണ വിദർഭയെ കേരളം പരാജയപ്പെടുത്തും” സച്ചിൻ ബേബി പറഞ്ഞു.
രണ്ടാം ഇന്നിങ്സിൽ വിദർഭയെ ഓൾ ഔട്ട് ആക്കാൻ കേരളത്തിന് സാധിച്ചില്ല. വിദർഭയ്ക്ക് വേണ്ടി കരുൺ നായർ സെഞ്ചുറി നേടി. 295 പന്തിൽ 135 റൺസാണ് താരം നേടിയത്. കൂടാതെ ഡാനിഷ് മലേവാര്‍ (73), ദർശൻ നാല്കണ്ടേ(52), അക്ഷയ് കാർണേവർ (30), അക്ഷയ് വേദ്ക്കർ (25) യഷ് റാത്തോഡ് (24) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.
Read more
കേരളത്തിന് വേണ്ടി ആദിത്യ സർവതേ നാല് വിക്കറ്റുകൾ നേടി. എം ഡി നിതീഷ്, ജലജ്ജ് സക്‌സേന, ഈഡൻ ആപ്പിൾ, നെടുമൺകുഴി ബേസിൽ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. മത്സരത്തിൽ ഫലമുണ്ടാകില്ല എന്ന് ഉറപ്പായതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഒരു മത്സരം പോലും തോൽക്കാതെയാണ് കേരള ഇത്തവണത്തെ രഞ്ജി ട്രോഫി സീസൺ അവസാനിപ്പിച്ചത്.