തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാനാവാതെ കേരളം. വിദർഭ കേരള മത്സരം സമനിലയായതോടെ വിദർഭ കിരീടം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ വിദർഭ നേടിയ 37 റൺസിന്റെ ലീഡിലാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സിൽ 379 റൺസ് നേടിയ വിദർഭയ്ക്കെതിരെ മറുപടി ബാറ്റിംഗിൽ കേരളത്തിന് 342 റൺസ് നേടാൻ സാധിച്ചുള്ളൂ. തുടർന്ന് 37 റൺസിന്റെ ലീഡ് സ്വന്തമാക്കി വിദർഭ.
രണ്ടാം ഇന്നിങ്സിൽ വിദർഭയെ ഓൾ ഔട്ട് ആക്കാൻ കേരളത്തിന് സാധിച്ചില്ല. വിദർഭയ്ക്ക് വേണ്ടി കരുൺ നായർ സെഞ്ചുറി നേടി. 295 പന്തിൽ 135 റൺസാണ് താരം നേടിയത്. കൂടാതെ ഡാനിഷ് മലേവാര്‍ (73), ദർശൻ നാല്കണ്ടേ(52), അക്ഷയ് കാർണേവർ (30), അക്ഷയ് വേദ്ക്കർ (25) യഷ് റാത്തോഡ് (24) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.
കേരളത്തിന് വേണ്ടി ആദിത്യ സർവതേ നാല് വിക്കറ്റുകൾ നേടി. എം ഡി നിതീഷ്, ജലജ്ജ് സക്‌സേന, ഈഡൻ ആപ്പിൾ, നെടുമൺകുഴി ബേസിൽ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. മത്സരത്തിൽ ഫലമുണ്ടാകില്ല എന്ന് ഉറപ്പായതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
Read more
എന്തായാലും ആദ്യ രഞ്ജി ട്രോഫി ഫൈനലിൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ പ്രകടനമാണ് കേരളം ടൂർണമെന്റിൽ ഉടനീളം നടത്തിയത്.