2025 ലെ ഐപിഎൽ സീസൺ നടക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ധീരമായ നിലപാട് സ്വീകരിച്ചുകൊണ്ട് രംഗത്ത്. സീസണിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സുമായി ബന്ധപ്പെട്ട ഒരു ഉള്ളടക്കവും തന്റെ യൂട്യൂബ് ചാനലിൽ പങ്കിടില്ലെന്ന് രവിചന്ദ്രൻ അശ്വിൻ പ്രഖ്യാപിച്ചു. 2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരങ്ങളിലൊന്നിനെത്തുടർന്നുണ്ടായ ഒരു വിവാദത്തിന് ശേഷമാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ തീരുമാനം പ്രഖ്യാപിച്ചത്.
അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പകരം അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിനെ തിരഞ്ഞെടുത്ത സിഎസ്‌കെയുടെ തീരുമാനത്തെ മുൻ ദക്ഷിണാഫ്രിക്കൻ അനലിസ്റ്റ് പ്രസന്ന അഗോറം ചോദ്യം ചെയ്യുന്ന ഒരു വീഡിയോ അശ്വിന്റെ ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഒടുവിൽ അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ നിർബന്ധിതനായി. ഡൽഹി ക്യാപിറ്റൽസിനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഈ വിഷയത്തിൽ ഇങ്ങനെ പറഞ്ഞു
“എനിക്കറിയില്ല. അദ്ദേഹത്തിന് ഒരു ചാനൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു, അതിനാൽ എനിക്ക് അതിനെക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല. അത് അപ്രസക്തമാണ്.”
2025 ഐപിഎൽ സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ചെന്നൈ സൂപ്പർ കിംഗ്‌സുമായി ബന്ധപ്പെട്ട ഏതൊരു ചർച്ചയിൽ നിന്നോ വിശകലനത്തിൽ നിന്നോ തന്റെ യൂട്യൂബ് ചാനലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് രവിചന്ദ്രൻ അശ്വിൻ വ്യക്തമാക്കി. അതിഥികളുടെ അഭിപ്രായങ്ങൾ തന്റെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഷോ സന്തുലിതവും മാന്യവുമായി നിലനിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ഓഫ് സ്പിന്നർ വ്യക്തമാക്കി.