ഐപിഎലില്‍ കഴിഞ്ഞ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. 9.75 കോടിക്കാണ് അശ്വിനെ ചെന്നൈ മാനേജ്‌മെന്റ് തങ്ങളുടെ ടീമിലെത്തിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അശ്വിന്‍ നിലവില്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഐപിഎലില്‍ ഈ സീസണില്‍ ഇംപാക്ടുളള ബോളിങ് പ്രകടനമൊന്നും അശ്വിന് ഇതുവരെ കാഴ്ചവയ്ക്കാനായിട്ടില്ല. ബാറ്റിങ്ങിലാവട്ടെ രാജസ്ഥാന്‍ ടീമിലായിരുന്ന സമയത്ത് വലിയ അവസരങ്ങള്‍ ലഭിച്ചെങ്കില്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ ഒതുങ്ങിപ്പോവുകയും ചെയ്തു.
അതേസമയം ബാറ്ററായി ഇറങ്ങി പെട്ടെന്ന് ഔട്ടായാല്‍ തന്നെ ഇപ്പോഴും പിതാവ് ശാസിക്കാറുണ്ടെന്ന് പറയുകയാണ് അശ്വിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്. “ഞാന്‍ ഔട്ടായാല്‍ അച്ഛന്‍ ഇപ്പോഴും ശാസിക്കാറുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ ശകാരിക്കും. സ്‌നേഹം മാത്രമുളള ഒരു സ്ഥലത്ത് നിന്നാണ് ആ വിമര്‍ശനം വരുന്നതെങ്കില്‍ അത് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പൊതുവെ ആരും തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
സത്യം പറഞ്ഞാല്‍ ട്രോളുകളില്‍ ഞാന്‍ വിഷമിക്കുന്നില്ല. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അത് നല്ല അര്‍ഥമുളള ഒരു നിലപാടില്‍ നിന്നാകാം. നമുക്ക് അതിനെ സൃഷ്ടിപരമായ വിമര്‍ശനമായി കണക്കാക്കാം. പക്ഷേ കുറച്ച് ആളുകള്‍, അവര്‍ നിങ്ങളെ പിന്തുടരുമ്പോള്‍ അത് വെറും വിഷമാണ്, അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.