ഐപിഎലില്‍ വിരാട് കോലിക്ക് പിന്നാലെ ബാറ്റിങ് വെടിക്കെട്ടുമായി ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍. 32 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് പാട്ടിധാര്‍ മുംബൈക്കെതിരെ അടിച്ചെടുത്തത്. 200.00 സ്‌ട്രൈക്ക് റേറ്റിലാണ് ആര്‍സിബി നായകന്റെ മിന്നുംപ്രകടനം. ഇന്നത്തെ കളിയില്‍ മുംബൈയുടെ പ്രധാന ബോളര്‍മാരെയെല്ലാം കണക്കിന് ശിക്ഷിച്ചിരിക്കുകയാണ് താരം. മുന്‍ മത്സരങ്ങളിലും ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കാഴ്ചവച്ച് ടീമിന്റെ രക്ഷയ്‌ക്കെത്തിയിരുന്നു പാട്ടിധാര്‍. അതേസമയം കോലിക്കും പാട്ടിധാറിനും പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയും 40 റണ്‍സുമായി ഇന്ന് തിളങ്ങി.
മുംബൈക്ക് മുന്നില്‍ 20 ഓവറില്‍ 222 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബി ഇന്ന് മുന്നോട്ടുവച്ചത്. വിരാട് കോലി 67 റണ്‍സെടുത്തപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 37 റണ്‍സും നേടി ടീം ടോട്ടലിലേക്ക് കാര്യമായി സംഭാവന ചെയ്തു. മുംബൈയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 57 റണ്‍സാണ് ട്രെന്റ് ബോള്‍ട്ട് ഇന്ന് വഴങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മലയാളി താരം വിഘ്‌നേഷ് പുതൂരിന് ഒരു വിക്കറ്റ് ലഭിച്ചു.
മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ വലിയ റണ്‍സൊഴുക്കാണ് ഇന്നുണ്ടായത്. തുടര്‍പരാജയങ്ങളേറ്റു വാങ്ങി നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീമിന് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. കളിച്ച് നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു ജയവുമാണ് ടീമിനുളളത്. ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് പ്ലേഓഫ് സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ഇനിയുളള മത്സരങ്ങള്‍ ജയിച്ചേ പറ്റൂ.