IPL 2025: ആർസിബിയൊക്കെ കോമഡി ടീം അല്ലെ, കിരീടം ഒന്നും നേടാൻ...; കളിയാക്കലുമായി അമ്പാട്ടി റായിഡുവും സുബ്രഹ്മണ്യം ബദരീനാഥും; വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ട്രോഫിയില്ലാത്ത ഐപിഎൽ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) മുൻ ബാറ്റ്‌സ്മാൻമാരായ അമ്പാട്ടി റായിഡുവും സുബ്രഹ്മണ്യം ബദരീനാഥും ചിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് (മാർച്ച് 28) ചെന്നൈയിൽ നടക്കുന്ന ഐപിഎൽ 2025 ലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ സിഎസ്‌കെയും ആർസിബിയും ഏറ്റുമുട്ടും.

ലീഗ് തുടങ്ങി 18 വർഷമായി ലീഗിന്റെ ഭാഗമായിട്ടും, ആർസിബിക്ക് ഇപ്പോഴും അവർ ആഗ്രഹിക്കുന്ന ഐപിഎൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ (2009, 2011, 2016) ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും ആ കിരീടം അവരിൽ നിന്ന് അകന്ന് നിൽക്കുകയാണ്.

ഈ വർഷം ആർ‌സി‌ബിയുടെ ട്രോഫി വരൾച്ച മാറ്റുമോ എന്ന് ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിൽ റായിഡുവിനോട് ചോദിച്ചു. റായിഡു മറുപടി നൽകുമ്പോൾ ഇരുവരും ചിരിക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. ഐ‌പി‌എൽ 2025 ൽ ആർ‌സി‌ബിയുടെ കിരീട സാധ്യതകളെക്കുറിച്ച് റായിഡു പ്രതികരിച്ചത് ഇതാ:

“ഒരു ആരാധകൻ എന്ന നിലയിലും, വർഷങ്ങളായി അവർ സ്വയം ചെയ്യുന്ന കാര്യങ്ങൾ കാരണം അവരെ നോക്കി നന്നായി ചിരിച്ച ഒരാളെന്ന നിലയിലും, അവർ എപ്പോഴെങ്കിലും വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഈ വർഷം അവർ ജയിക്കില്ല ഒരുപക്ഷേ. സി‌എസ്‌കെ നന്നായി കളിക്കണമെന്നും ഈ വർഷം കിരീടം നേടുമെന്നും ആഗ്രഹിക്കുന്നു. എന്തായാലും, ഐ‌പി‌എല്ലിൽ ആർ‌സി‌ബിയെപ്പോലുള്ള ഒരാളെ ഞങ്ങൾക്ക് ആവശ്യമാണ്.”

ആദ്യ മത്സരം ജയിച്ച 2 ടീമുകളായ ചെന്നൈയും ബാംഗ്ലൂരും അപരാജിത കുതിപ്പ് തുടരാനാണ് ആഗ്രഹിക്കുന്നത്.