ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയതോടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാലാവധി വിജയകരമായി അവസാനിച്ചു. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര ഇന്ത്യന്‍ ടീം അഞ്ച് ടി20 പരമ്പരയ്ക്കായി സിംബാബ്വെയില്‍ പര്യടനം നടത്തുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) മെന്റര്‍ ഗൗതം ഗംഭീര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തിന് ശേഷം, ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) പ്രസിഡന്റ് റോജര്‍ ബിന്നി, ഗംഭീര്‍ ആ റോള്‍ ഏറ്റെടുക്കുമോ ഇല്ലയോ എന്നതില്‍ പ്രതികരിച്ചു. നിലവില്‍ ഇക്കാര്യം വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ.
ഇതുവരെ അക്കാര്യത്തില്‍ തീരുമാനമൊന്നും വന്നിട്ടില്ല. ഗൗതം ഗംഭീറിന് ധാരാളം അനുഭവങ്ങളുണ്ട്. അദ്ദേഹം ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളും ടി20കളും കളിച്ചു. നമുക്ക് നോക്കാം- ബിന്നി പറഞ്ഞു.
മുംബൈയില്‍ ക്രിക്കറ്റ് ഉപദേശക സമിതിയുടെ (സിഎസി) അഭിമുഖത്തിന് ഗംഭീര്‍ ഹാജരായിരുന്നു. ജൂലൈ ആദ്യവാരം പുതിയ പരിശീലകനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.