രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ജമ്മു കാശ്മീർ. 11 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ ജമ്മു കാശ്മീർ മുംബൈയെ തോൽപ്പിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു 40 കാരനായ പരാസ് ദോഗ്രയുടെ സംഘം രോഹിത് ശർമയും യശസ്വി ജയ്സ്വാളും അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ഉൾപ്പെട്ട മുംബൈ നിരയെ അട്ടിമറിച്ചത്. സ്കോർ മുംബൈ ഒന്നാം ഇന്നിംഗ്സിൽ 120, ജമ്മു കാശ്മീർ 206. മുംബൈ രണ്ടാം ഇന്നിംഗ്സ് 290, ജമ്മു കാശ്മീർ 207/5.
ഏഴിന് 274 എന്ന സ്കോറിൽ നിന്നാണ് മൂന്നാം ദിവസം രാവിലെ മുംബൈ ബാറ്റിങ് പുനരാരംഭിച്ചത്. 119 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെയും 62 റൺസെടുത്ത തനൂഷ് കോട്യാന്റെയും ചെറുത്ത് നിൽപ്പ് അവസാനിച്ചതോടെ മുംബൈയുടെ രണ്ടാം ഇന്നിംഗ്സ് 290 ൽ അവസാനിച്ചു. താക്കൂറും കോട്യാനും ചേർന്ന എട്ടാം വിക്കറ്റിൽ 184 റൺസ് ആണ് കൂട്ടിച്ചേർത്തത്. 205 റൺസായിരുന്നു ജമ്മു കാശ്മീരിന് രണ്ടാം ഇന്നിംഗ്സിൽ വിജയിക്കാൻ വേണ്ടിയിരുന്നത്.
വിജയത്തിലേക്ക് ബാറ്റുവെച്ച ജമ്മു കാശ്മീരിനായി ശുഭം ഖജൂരിയ 45, യാവർ ഹസൻ ഖാൻ 24, വിവറാന്ത് ശർമ 38, അബ്ദുൾ സമദ് 24, ക്യാപ്റ്റൻ പരാസ് ദോഗ്രെ 15 എന്നിങ്ങനെ സ്കോർ ചെയ്തു. പുറത്താകാതെ 32 റൺസെടുത്ത അബിദ് മുഷ്താഖ്, 19 റൺസെടുത്ത കനയ്യ വാധവാൻ എന്നിവർ ചേർന്ന് ജമ്മു കാശ്മീരിനെ വിജയത്തിലെത്തിച്ചു.