2023ലെ ഐസിസി ലോകകപ്പ് ഫൈനലില്‍ പത്ത് മത്സരങ്ങള്‍ വിജയിച്ചിട്ടും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ പരാജയം നേരിട്ടു. ഫൈനലിന് മുന്നോടിയായി, രാഹുല്‍ ദ്രാവിഡിന് വേണ്ടി ഫൈനല്‍ ജയിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവനയോടുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
2011 ലോകകപ്പിലെ ഉദാഹരണം ചൂണ്ടിക്കാട്ടി ശര്‍മ്മ ആ പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി മെഗാ ഇവന്റ് നേടാനുള്ള ആഗ്രഹം നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചുവെങ്കിലും താന്‍ തന്റെ രാജ്യത്തിനു വേണ്ടി നേടണമെന്നാണ് പറഞ്ഞതെന്ന് ഗംഭീര്‍ പറഞ്ഞു.
ഓരോ കളിക്കാരനും പരിശീലകനും ലോകകപ്പ് നേടണമെന്നത് സ്വപ്നം കാണുന്നു. എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. 2011ലും ഇത് സംഭവിച്ചിരുന്നു. ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടണം എന്ന് ആര് പറഞ്ഞാലും അത് ശരിയല്ല.
നിങ്ങള്‍ രാജ്യത്തിനാകെ ലോകകപ്പ് നേടിക്കൊടുക്കാന്‍ ശ്രമിക്കുകയാണ്. മറിച്ചൊരു വികാരം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് മാധ്യമങ്ങളുമായി പങ്കിടുന്നതിന് പകരം അത് സ്വയം സൂക്ഷിക്കുന്നതാണ് നല്ലത്. രാജ്യത്തിന് വേണ്ടി ഒരു ലോകകപ്പ് നേടുക എന്നത് മറ്റെന്തിനെക്കാളും പ്രധാനമാണ്.
Read more
2011ല്‍ ഇതേ ചോദ്യം എന്നോട് ചോദിച്ചപ്പോള്‍ പലരും വിശ്വസിച്ചത് ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നാണ. എന്നിരുന്നാലും, എന്റെ രാജ്യത്തിനായി കപ്പ് നേടുക എന്നതാണ് എന്റെ ലക്ഷ്യമെന്നാണ് ഞാന്‍ പ്രതികരിച്ചത്- ഗംഭീര്‍ പറഞ്ഞു.