വിജയ് ഹസാരെയില്‍ ഗെയ്ക്വാദിന് തുടര്‍ച്ചായായി മൂന്നാം സെഞ്ച്വറി, കേരളത്തെയും പഞ്ഞിക്കിട്ടു

വിജയ് ഹസാരേ ട്രോഫിയില്‍ മഹാരാഷ്ട്ര നായകന്‍ ഋതുരാജ് ഗെയ്ക്വാദിന് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി. കേരളത്തിനെതിരായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിലും താരം സെഞ്ച്വറി നേടി. 110 പന്തില്‍ നിന്നാണ് ഗെയ്ക്വാദ്് സെഞ്ച്വറി നേടിയത്. 129 ബോള്‍ നേരിട്ട ഗെയ്ക്വാദ് മൂന്ന് സിക്‌സ്‌കിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയില്‍ 124 റണ്‍സെടുത്തു.

കേരളത്തിനെതിരെ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ മഹാരാഷ്ട്രയെ ഗെയ്ക്വാദ്-രാഹുല്‍ ത്രിപാഠി സഖ്യമാണ് കരകയറ്റിയത്. 195 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ത്രിപാഠി എന്നാല്‍ സെഞ്ച്വറിയ്ക്ക് ഒരു റണ്‍സ് അകലെ പുറത്തായി.

108 പന്തില്‍ 99 റണ്‍സെടുത്ത ത്രിപാഠി നിധീഷിന് കീഴടങ്ങി. ഇരുവരുടെയും പ്രകടന കരുത്തില്‍ മഹാരാഷ്ട്ര കേരളത്തിന് 292 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മഹാരാഷ്ട്ര 291 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയത്.

കേരളത്തിനായി നീധീഷ് എംഡി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി രണ്ടും വിശ്വേശര്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ രണ്ട് കളിയും ജയിച്ച മഹാരാഷ്ട്ര ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഛണ്ഡീഗഡിനെ തോല്‍പ്പിക്കുകയും മധ്യപ്രദേശിനോട് തോല്‍ക്കുകയും ചെയ്ത കേരളം ആണ് രണ്ടാമത്.