സച്ചിന്റെ പോരാട്ടത്തിനും രക്ഷിക്കാനായില്ല; രാജസ്ഥാന് എതിരെ കേരളത്തിന് തിരിച്ചടി

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ലീഡ് വഴങ്ങി കേരളം. ഒന്നാം ഇന്നിംഗ്‌സില്‍ ദീപക് ഹൂഡയുടെ സെഞ്ച്വറിക്കരുത്തില്‍ 337 റണ്‍സ് നേടിയ രാജസ്ഥാന് മുന്നില്‍ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 306 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ രാജസ്ഥാന് മത്സരത്തില്‍ 31 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു.

മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് കേരളത്തിന് ലീഡ് സമ്മാനിക്കാന്‍ സച്ചിന്‍ ബേബി ശ്രമിച്ചെങ്കിലും, വാലറ്റത്തെ വീഴ്ത്തി രാജസ്ഥാന്‍ ആ പ്രതീക്ഷ തല്ലിക്കെടുത്തി. 217 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 18 ഫോറുകളുടെ അകമ്പടിയില്‍ 139 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഒന്‍പതാം വിക്കറ്റില്‍ ഫാസിലിനൊപ്പം 43 പന്തില്‍ 24 റണ്‍സും, 10ാം വിക്കറ്റില്‍ നിധീഷിനൊപ്പം 16 പന്തില്‍ 14 റണ്‍സുമാണ് ഇന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തത്. അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അനികേത് ചൗധരിയാണ് കേരളത്തെ തകര്‍ത്തത്. മാനവ് സുതര്‍ മൂന്നു വിക്കറ്റും കംലേഷ് നാഗര്‍കോട്ടി ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 108 പന്തില്‍ 14 ഫോറുകള്‍ സഹിതം 82 റണ്‍സെടുത്തു. സച്ചിന്‍-സഞ്ജു സഖ്യം നാലാം വിക്കറ്റില്‍ 145 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്.

Read more

രണ്ടാം ഇന്നിംഗിസില്‍ രാജസ്ഥാന്‍ മൂന്നിന് 61 റണ്‍സെന്ന നിലയിലാണ്. 92 റണ്‍സിന്‍റെ ലീഡാണ് അവര്‍ക്കിപ്പോള്‍ ഉള്ളത്.