MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുളള മത്സരം നടക്കുകയാണ്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് ഇന്നത്തെ കളിയുടെ പ്രത്യേകത. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റണ്ണൊഴുകും എന്ന കാര്യത്തില്‍ സംശയമില്ല. 200ല്‍ കൂടുതല്‍ റണ്‍സ് എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഗ്രൗണ്ടാണ് ഇത്. അതുകൊണ്ട് തന്നെ ആദ്യം ബാറ്റിങ്ങ് ചെയ്യുന്ന ടീമിന് കളിയില്‍ വലിയ മുന്‍തൂക്കമുണ്ടാവും. അതേസമയം ഇന്നത്തെ മത്സരം വിരാട് കോലിയും ജസ്പ്രീത് ബുംറയും തമ്മിലല്ല എന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇന്ത്യയുടെ നിലവിലെ മികച്ച രണ്ട് താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരിക്കില്ല ഇന്നത്തേത് എന്ന് മഞ്ജരേക്കര്‍ പറയുന്നു. കോലി മുന്നേ തന്നെ തന്റെ മികച്ച സമയം പിന്നിട്ടു. ബുംറ ഇപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിന്റെ ഉന്നതിയിലാണ്. അഞ്ചാറ് വര്‍ഷം മുന്‍പായിരുന്നു വിരാട് കോലിയുടെ എറ്റവും മികച്ച സമയം. ബുംറ ഇപ്പോള്‍ തന്റെ ഉന്നതിയിലാണ്. ബുംറയുടെ ഓഹരികള്‍ ഉയരുകയാണ്. കോലിയുടെ ഓഹരികള്‍ മുന്‍പ് മുകളിലായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഇത് മികച്ചതും മികച്ചതും തമ്മിലുളള പോരാട്ടമല്ല, സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. തുടര്‍തോല്‍വികളില്‍ നിന്നും ജയിച്ചുകയറുകയെന്ന ലക്ഷ്യത്തിലാണ് മുംബൈ എത്തുന്നത്. ബുംറയുടെ തിരിച്ചുവരവ് എന്തുകൊണ്ടും അവര്‍ക്ക് ഗുണം ചെയ്യും. ആദ്യ മത്സരങ്ങളില്‍ ലഭിച്ച വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍സിബിയും കളിക്കും.