സഞ്ജു മങ്ങി കേരളം തകർന്നു, വീണ്ടും നിരാശപ്പെടുത്തി മലയാളി താരം; ടീമിനും താരത്തിനും കിട്ടിയത് വമ്പൻ പണി

ആന്ധ്രാപ്രദേശിനെതിരായ കേരളത്തിൻ്റെ സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT) പോരാട്ടത്തിൽ കുറഞ്ഞ സ്കോറിന് പുറത്തായ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ ചൊവ്വാഴ്ച ടൂർണമെന്റിൽ മറ്റൊരു പരാജയം രേഖപ്പെടുത്തി. കേരളത്തിനായി ബാറ്റിംഗ് ഓപ്പൺ ചെയ്ത സാംസൺ നിർണായക ഗെയിമിൽ തീർത്തും നിരാശപ്പെടുത്തി. കെവി ശശികാന്ത് സഞ്ജുവിനെ ഏഴ് റൺസിന് പുറത്താക്കി.

ടോസ് നേടിയ ആന്ധ്ര ക്യാപ്റ്റൻ റിക്കി ഭുയി ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിലെ സീം ഫ്രണ്ട്‌ലി സാഹചര്യങ്ങൾ മുതലാക്കാൻ ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തു. ആന്ധ്രാ ബൗളർമാർ കേരളത്തെ അവരുടെ മാരകമായ സ്പെല്ലുകളാൽ വിറപ്പിച്ചതോടെ അദ്ദേഹത്തിൻ്റെ തീരുമാനം മാസ്റ്റർസ്ട്രോക്ക് ആണെന്ന് തെളിഞ്ഞു.

ഫോമിലുള്ള ഓപ്പണർ രോഹൻ കുന്നുമ്മലാണ് ആദ്യം പുറത്തുപോയത്, ഒമ്പത് റൺസിന് കൊടവണ്ട്ല സുദർശൻ അദ്ദേഹത്തെ പുറത്താക്കി. തൻ്റെ ഓപ്പണിംഗ് പങ്കാളി പുറത്തായതിന് തൊട്ടുപിന്നാലെ, സഞ്ജു സാംസണിൻ്റെ ക്ഷമ നശിച്ചു, ആറാം ഓവറിൽ ആന്ധ്രയുടെ ഓപ്പണിംഗ് ബൗളർ ശശികാന്തിന് തൻ്റെ വിക്കറ്റ് സമ്മാനിച്ചു താരം മടങ്ങി.

SMAT 2024 ലെ അവസാന നാല് മത്സരങ്ങളിലെ സാംസണിൻ്റെ മൂന്നാമത്തെ ദയനീയ പ്രകടനമായിരുന്നു ഇത്. ഒരു മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ബാക്കി മൂന്നിലും സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ല. മത്സരത്തിലേക്ക് വന്നാൽ കേരളം ആന്ധ്രയുടെ ശക്തമായ ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ 87 റൺസിന് പുറത്തായപ്പോൾ മറുപടിയിൽ ആന്ധ്ര 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.

Read more