'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

വൈറലായി മാറിയ രാജസ്ഥാനിലെ അഞ്ചാം ക്ലാസുകാരി ആദിവാസി ബാലിക സുശീല മീണയെ സഞ്ജു സാംസന്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ക്യാമ്പില്‍ പരിശീലനത്തിനായി ക്ഷണിച്ചു. ഐപിഎല്‍ സീസണ്‍ അല്ലാത്തസമയത്തും ടീം കോച്ചുകള്‍ കുട്ടിക്ക് സ്ഥിരപരിശീലനവും മറ്റു സഹായങ്ങളും നല്കുന്നതായിരിക്കുമെന്ന് റോയല്‍സ് അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

സഹീര്‍ ഖാന്റെ ബോളിംഗ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വീഡിയോ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിരുന്നു. ഇതോടെയാണ് സുശീല മീണ എന്ന ആദിവാസി ബാലിക ലോക ശ്രദ്ധനേടിയത്. സ്‌കൂള്‍ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെ സുശീല പന്തെറിയുന്നതാണ് വിഡിയോയിലുള്ളത്.

”സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷന്‍ താങ്കളുടെ ബോളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?’ എന്നാണ് സഹീര്‍ ഖാനെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ച് സച്ചിന്‍ കുറിച്ചത്.

പിന്നാലെ സഹീര്‍ ഖാന്റെ മറുപടിയുമെത്തി. ”താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാന്‍ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷന്‍ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു’ സഹീര്‍ ഖാന്‍ കുറിച്ചു. എന്തായാലും റോയല്‍സ് ഏറ്റെടുത്തോടെ സുശീല മീണയുടെ ഭാഗ്യം തെളിഞ്ഞെന്ന് പ്രതീക്ഷിക്കാം.