'സര്‍ഫറാസ് ഖാന് ജിം ബോഡി ഇല്ല, പക്ഷേ..'; നിരീക്ഷണവുമായി മുഹമ്മദ് കൈഫ്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാനെ അഭിനന്ദിച്ച് മുഹമ്മദ് കൈഫ്. 150 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍ കിവീസിന്റെ 356 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചു. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി രണ്ടാം ടെസ്റ്റിനിറങ്ങിയ സര്‍ഫറാസ് 18 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയിലാണ് 150 റണ്‍സ് നേടിയത്.

ഫിറ്റ്നസ് ചൂണ്ടിക്കാട്ടി സര്‍ഫ്രാസിനെ പുറത്താക്കരുതെന്ന് ഞാന്‍ എപ്പോഴും വാദിച്ചിരുന്നു. അദ്ദേഹത്തിന് ജിം ബോഡി ഇല്ലെങ്കിലും മണിക്കൂറുകളോളം ബാറ്റ് ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു കളിയാണ്- കൈഫ് എക്‌സില്‍ കുറിച്ചു.

നാലാം വിക്കറ്റില്‍ ഒന്നിച്ച സര്‍ഫറാസ് ഖാന്‍ ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു നാലാം ദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ടെസ്റ്റില്‍ കന്നിസെഞ്ച്വറിയുമായി സര്‍ഫറാസ് തിളങ്ങിയപ്പോള്‍ ഒരു റണ്‍ അകലെ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. നാലാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനും പന്തും ചേര്‍ന്ന് 177 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിംഗില്‍ ഇന്ത്യ മുന്നിലാണ്. ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പരയില്‍ 3-0 ന് ജയിച്ചാല്‍ അടുത്ത ജൂണില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലിനുള്ള സ്ഥാനം ഉറപ്പിക്കും. അടുത്തിടെ ഇന്ത്യ 2-0ന് ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു.