മുംബൈ ഇന്ത്യൻസ് നൽകിയ തുകയിൽ തൃപ്തനോ? ഒടുവിൽ മനസ് തുറന്ന് രോഹിത് ശർമ്മ; ഒപ്പം ആ പ്രഖ്യാപനവും

ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നത് തുടരും എന്നുള്ളതാണ് ഇന്നലത്തെ റീടെൻഷൻസിലെ ഏറ്റവും പ്രധാന വാർത്ത. 16.30 കോടി രൂപയ്ക്ക് മുംബൈ അദ്ദേഹത്തെ ടീമിൽ നിലനിർത്തിയതോടെ പുതിയ ടീമിലേക്ക് രോഹിത് മാറുമെന്നുള്ള എല്ലാ ഊഹാപോഹങ്ങളും അവസാനിച്ചു.

മുംബൈയുടെ നാലാമത്തെ നിലനിർത്തലായിട്ടാണ് രോഹിത്തിന്റെ പേര് വന്നത്. 18 കോടി രൂപയ്ക്ക് ജസ്പ്രീത് ബുംറയായിരുന്നു മുംബൈയുടെ റീടെൻഷൻ. ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും 16.35 കോടി രൂപ ലഭിക്കും. 2024 ലെ ഐസിസി ടി20 ലോകകപ്പ് നേടിയതിന് ശേഷം വിരമിച്ചതിന് ശേഷം ടി20യിൽ ഇന്ത്യക്ക് വേണ്ടി ഇനി കളിക്കാൻ സാധ്യത ഇല്ലാത്ത താരത്തിന് ഇത്ര വലിയ തുക ലഭിച്ചതിൽ രോഹിത് സംതൃപ്തനായിരുന്നു എന്നാണ് വാക്കുകളിൽ നിന്ന് മനസിലായത്.

“ടി20യിൽ നിന്ന് വിരമിച്ചതിനാൽ എനിക്ക് പറ്റിയ സ്ഥലമാണിത്. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് നല്ലത്. അതാണ് ഞാൻ ചിന്തിക്കുന്നത്, അതിൽ ഞാൻ സന്തുഷ്ടനാണ്, ”രോഹിത് പറഞ്ഞു.

എംഐയുമായി മറ്റൊരു കരാർ ഒപ്പിടുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകൻ പറഞ്ഞു. 2011 ൽ ഫ്രാഞ്ചൈസിയിൽ ചേരുകയും ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് കിരീടങ്ങൾ നേടുകയും ചെയ്തു. മുംബൈയിൽ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്നു, ഒപ്പം ടീമിനെ ലീഗിൽ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.

“ഞാൻ മുംബൈയിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, എനിക്ക് ഇവിടെ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയില്ല, അത് മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ” രോഹിത് പറഞ്ഞു.

Read more