ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെ പുതിയ റെക്കോർഡ് സ്വന്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്‌ക്കെതിരെ നാലാമനായി ഇറങ്ങിയ സ്മിത്ത് 197 പന്തിൽ 140 റൺസ് നേടിയാണ് മടങ്ങിയത്. ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ച സ്മിത്ത് പിന്നീട് ആകാശ് ദീപിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.

മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ തന്റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് നേടിയത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന വിദേശതാരമെന്ന റെക്കോർഡാണ് സ്മിത്ത് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ 43 ഇന്നിങ്‌സുകളിൽ നിന്നാണ് സ്മിത്ത് 11 സെഞ്ചുറികൾ നേടിയത്.

ഈ റെക്കോർഡോടെ ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ജോ റൂട്ടിനെ മറികടക്കാൻ സ്മിത്തിന് സാധിച്ചു. ഇന്ത്യയ്‌ക്കെതിരെ 55 ഇന്നിങ്‌സുകളിൽ നിന്ന് 10 സെഞ്ച്വറികളുള്ള റൂട്ട് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. എട്ട് സെഞ്ച്വറികളുള്ള ഗർഫീൽഡ് സോബേഴ്‌സ്, വിവിയൻ റിച്ചാർഡ്‌സ്, റിക്കി പോണ്ടിങ് എന്നിവർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.