രോഹിത് ശര്‍മ്മയല്ല!, വരാനിരിക്കുന്ന പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യന്‍ കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യുടിസി) ഫൈനലിന് മുമ്പുള്ള വരാനിരിക്കുന്ന 10 ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോഹ്‌ലി ധാരാളം റണ്‍സ് നേടുമെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്ന. കളിയിലെ ഏറ്റവും വിപുലമായ ഫോര്‍മാറ്റാണ് വിരാട് ഇഷ്ടപ്പെട്ടതെന്നും അതിനനുസരിച്ച് അദ്ദേഹം ബാറ്റ് ചെയ്യുമെന്നും റെയ്ന പറഞ്ഞു.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കോഹ്‌ലിക്ക് രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം. ഏറെക്കാലത്തിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്ന സ്റ്റാര്‍ ബാറ്ററിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റെയ്ന കരുതുന്നു.

രോഹിത് ശര്‍മ്മ ഒരു നല്ല ക്യാപ്റ്റനാണ്. 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം സ്വയം തെളിയിച്ചു. എന്നാല്‍ വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അവന്‍ ഈ ഫോര്‍മാറ്റ് ഇഷ്ടപ്പെടുന്നു. ഡബ്ല്യുടിസി ഫൈനലിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യ 10 മത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങളില്‍ വിരാട് കോഹ്ലി മികച്ച റണ്‍സ് നേടും- സുരേഷ് റെയ്ന ഐഎഎന്‍എസിനോട് പറഞ്ഞു.

സമ്മര്‍ദ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനാണ് വിരാടിന് ഇഷ്ടമെന്ന് റെയ്ന പരാമര്‍ശിച്ചു. ”സമ്മര്‍ദത്തിന്‍കീഴില്‍ വിരാട് വിരാജിക്കുന്നു. ടെസ്റ്റ് സീസണില്‍ അവന്‍ റണ്ണിനായി പോകുന്നത് കാണും. ബംഗ്ലാദേശിന് കരുത്തരായ പേസര്‍മാരുണ്ടെങ്കിലും അത്തരം ബോളര്‍മാരില്‍ താന്‍ ആധിപത്യം പുലര്‍ത്തുന്നുവെന്ന് കോഹ്ലി മുമ്പ് തെളിയിച്ചിട്ടുണ്ട്. അവന്‍ തിളങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Read more

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം, അഞ്ച് ടെസ്റ്റുകള്‍ക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങള്‍ കളിക്കും.